പേരാവൂരില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; 3 പേരെ കാണാതായി, ഒരാളെ കണ്ടെത്തി

Update: 2022-08-02 01:05 GMT

പേരാവൂര്‍: കനത്ത മഴയില്‍ പേരാവൂരില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. രണ്ടിടങ്ങളിലായി ഒരു കുഞ്ഞടക്കം മൂന്നു പേരെ കാണാതായി. ഒരാളെ പിന്നീട് കണ്ടെത്തി.

പേരാവൂര്‍ പൂളക്കുറ്റി മേലേവെള്ളറയില്‍ ഉരുള്‍പൊട്ടി. വെള്ളറയില്‍ ഒരു വീട് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. വീട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ ഒഴിക്കില്‍പ്പെട്ടു. മണ്ണാലി ചന്ദ്രന്‍(55), മകന്‍ റിവിന്‍(22) എന്നിവരാണ് മണ്ണിനൊപ്പം ഒലിച്ചുപോയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ റവിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചു.

നിടുംപുറചാലില്‍ രണ്ടര വയസ്സുകാരി മാതാവിന്റെ കയ്യില്‍നിന്ന് പിടിവിട്ട് മലവെള്ളത്തില്‍ ഒഴുകിപ്പോയി. വെള്ളത്തിന്റെ ശബ്ദം കേട്ട് വീടിനു പിന്നിലേക്ക് വന്നതായിരുന്നു ഇരുവരും. തിരച്ചില്‍ തുടരുന്നു.

പേരാവൂര്‍ തെറ്റുവഴി അഗതിമന്ദിരമായ കൃപഭവന്‍ കെട്ടിടം വെള്ളത്തിനടിയലായി. ആംബുലന്‍സ് അടക്കം അഞ്ച് വാഹനങ്ങള്‍ ഒഴുകിപ്പോയി.

തലശ്ശേരി മാനനതവാടി പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

നടുംപൊയില്‍ ടൗണില്‍ വെള്ളംകയറി. നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

പേരാവൂര്‍, ഇരിട്ടി, കൂത്തുപറമ്പ് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.

Similar News