ജമ്മുകശ്മീരിലെ മാതാ വൈഷ്‌ണോ ദേവി യാത്രാ പാതയില്‍ മണ്ണിടിച്ചില്‍; 33 മരണം
ജമ്മു: ജമ്മുകശ്മീരിലെ കത്രയിലെ അര്‍ദ്ധകുമാരിക്ക് സമീപം മാതാ വൈഷ്‌ണോ ദേവി യാത്രാ പാതയില്‍ ഉണ്ടായ കനത്ത മണ്ണിടിച്ചിലില്‍ 33 പേര്‍ മരിച്ചു. സംഭവത്തില്‍ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ ആളുകള്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ജമ്മു കശ്മീരിലുടനീളം തുടര്‍ച്ചയായി പെയ്യുന്ന മഴ കനത്ത വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ട്. ജമ്മുവില്‍, പാലങ്ങള്‍ തകര്‍ന്നു, വൈദ്യുതി ലൈനുകളും മൊബൈല്‍ ടവറുകളും തകര്‍ന്നു. തുടര്‍ച്ചയായ കനത്ത മഴയില്‍ ജില്ലയിലുടനീളം വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉണ്ടായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വരെ 3,500 ലധികം താമസക്കാരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
ജില്ലാ ഭരണകൂടം, ജമ്മു കശ്മീര്‍പോലിസ്, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഇന്ത്യന്‍ സൈന്യം, പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത സംഘങ്ങളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.കൂടാതെ, സംഗത്തിന് സമീപം ജലനിരപ്പ് അപകടനില 22 അടി കടന്നതിനെത്തുടര്‍ന്ന് തെക്കന്‍ കശ്മീരിലെ ഝലം നദിയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി.