ആദിവാസി കുടുംബങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നു; ഭൂമി നഷ്ടപ്പെട്ടവരില്‍ ചലച്ചിത്ര പുരസ്‌കാര ജേതാവ് നഞ്ചിയമ്മയും
അട്ടപ്പാടി: വ്യാജരേഖകളുണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയ ഭൂമി തട്ടിയെടുത്തവരില്‍ ചലച്ചിത്ര പുരസ്‌കാര ജേതാവ് നഞ്ചിയമ്മയും. അഗളി ടൗണിലെ കണ്ണായ പ്രദേശത്തെ നാല് ഏക്കര്‍ ഭൂമിയാണ് അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലെ ഒറ്റ ഗാനം കൊണ്ട് മലയാളി ആസ്വാദകരുടെ പ്രിയങ്കരിയായ നഞ്ചിയമ്മക്ക് നഷ്ടപ്പെട്ടത്. ഇന്ന് പ്രഖ്യാപിച്ച ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ഗായികയാണ് നഞ്ചിയമ്മ.
ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ അസ്സല്‍ രേഖകളും നഞ്ചിയമ്മ അട്ടപ്പാടി ട്രൈബല്‍ തഹസില്‍ദാര്‍ക്ക് നല്‍കിയിട്ടുണ്ട്. നഞ്ചിയമ്മയുടെ കുടുംബ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കിയവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അഗളി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നും രേഖകള്‍ പരിശോധിക്കാനും നഞ്ചിയമ്മയുടെ പരാതി കൂടി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ, ഇതുവരെയും ആ പരാതിയിലും നടപടിയുണ്ടായിട്ടില്ല.
നഞ്ചിയമ്മയുടെ ഭര്‍ത്താവ് 2013ല്‍ മരിച്ചെങ്കിലും അദ്ദേഹത്തിനെതിരേ പോലും ആക്രമിച്ചുവെന്നാരോപിച്ച് ഭൂമാഫിയ പോലിസിലും ഹൈക്കോടതിയിയും പരാതി നല്‍കിയിരുന്നു. കെ വി മാത്യൂ, ജോസഫ് കുര്യന്‍ എന്നിവരായിരുന്നു കള്ളപ്പരാതി നല്‍കിയത്. ഇവര്‍ക്കെതിരേയും നഞ്ചിയമ്മ അധികാരികളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
ഇക്കഴിഞ്ഞ 2021 ആഗസ്ത് 15ന് ചീരക്കടവ് ഊരില്‍ ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ പോലിസ് സഹായത്തോടെ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. മുന്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലുള്ള ഒരു ട്രസ്റ്റിനുവേണ്ടിയായിരുന്നു അത്. ട്രസ്റ്റിനെതിരേയും പരാതി നല്‍കിയെങ്കിലും അതും എങ്ങുമെത്തിയില്ല.
ഈ സാഹചര്യത്തില്‍ ആദിവാസി ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയകള്‍ക്കെതിരെ നഞ്ചിയമ്മയും ആദിവാസി ഭാരത് മഹാസഭയും നേരിട്ടുള്ള സമരത്തിനിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആദിവാസി ഭാരത് മഹാസഭയും അഖിലേന്ത്യാ ക്രാന്തി കാരി കിസാന്‍ സഭയും ചേര്‍ന്ന് ഒക്ടോബര്‍ 20ന് പാലക്കാട് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.
