ആത്മീയാചാര്യന് ഭൂമി നല്‍കിയത് സിപിഎം-ആര്‍എസ്എസ് അവിശുദ്ധബന്ധത്തിന് തെളിവ്: മുല്ലപ്പള്ളി

Update: 2021-03-03 14:09 GMT

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധബന്ധം ഓരോ ദിവസവും മറനീക്കി പുറത്തുവരികയാണെന്നും അതിന് ഒടുവിലത്തെ ഉദാഹരമാണ് ആര്‍എസ്എസ് അനുകൂലിയായ ആത്മീയാചാര്യന് യോഗാ സെന്റര്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി ഭൂമിവിട്ടു നല്‍കിയതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷണനും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്ക് ആര്‍എസ്എസ് നേതാക്കളുമായി തിരുവനന്തപുരത്ത് രഹസ്യ കൂടിക്കാഴ്ച നടത്താന്‍ സൗകര്യം ഒരുക്കിയതും ഇതേ ആത്മീയാചാര്യനാണ്. ശബരിമല പ്രക്ഷോഭ സമയത്ത് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും സമാനമായ വെളിപ്പെടുലാണ് നടത്തിയിരുന്നത്. സംഘപരിവാര്‍ ശക്തികളുമായി ചേര്‍ന്ന് സിപിഎം കളിക്കുന്നത് അപകടരമായ രാഷ്ട്രീയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിപിഎമ്മും ആര്‍എസ്എസും പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് പോകുന്നതെന്ന് താന്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയതാണ്. അതിന് തെളിവാണ് സിപിഎമ്മും ആര്‍എസ്എസ് നേതാക്കളും നടത്തിയ രഹസ്യ കൂടിക്കാഴ്ചയെ കുറിച്ച് ദിനേഷ് നാരായണന്‍ രചിച്ച 'ദ ആര്‍എസ്എസ് ആന്റ് ദ മേക്കിങ് ഓഫ് ദ ഡീപ് നാഷന്‍' എന്ന പുസ്തകത്തിലെ വെളിപ്പെടുത്തല്‍. ആശയപരമായും പ്രത്യയശാസ്ത്രപരമായും സിപിഎമ്മും ആര്‍എസ്എസും ഓരേ പാതയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയെന്നത് ശരിവെയ്ക്കുന്നതാണ് സിപിഎം-ആര്‍എസ്എസ് നേതാക്കളുടെ രഹസ്യസംഗമത്തിലൂടെ വെളിപ്പെടുന്നത്.

ബിജെപിയ്ക്ക് താല്‍പ്പര്യമുള്ള ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെയും പോലീസ് സേനയുടെയും തലപ്പത്ത് പ്രതിഷ്ഠിച്ചതും അതിന്റെ ഭാഗമാണ്. തുടര്‍ന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ യുഎപിഎ എന്ന കരിനിയമം ചുമത്തി ജയിലിലടയ്ക്കുകയും ചെയ്തു. സിപിഎമ്മിന് വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറായ പ്രവര്‍ത്തകരെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി.

ആഎസ്എസ് ബാന്ധവത്തിന് ശേഷമാണ് സിപിഎം ആക്ടിങ് സെക്രട്ടറി നൂനപക്ഷ വിരുദ്ധ പ്രസ്താവനകളും പ്രസംഗങ്ങളും തുടരെത്തുടരെ നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    

Similar News