ലാലി ജെയിംസിന്റെ കോഴ ആരോപണം; തൃശൂര്‍ ഡിസിസി പ്രസിഡന്റിനെതിരേ വിജിലന്‍സില്‍ പരാതി
തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനില്‍ പണം വാങ്ങി മേയര്‍ പദവി നല്‍കിയെന്ന ലാലി ജെയിംസിന്റെ ആരോപണത്തില്‍ വിജിലന്‍സില്‍ പരാതി. ആലപ്പുഴ സ്വദേശി വിമല്‍ കെ കെയാണ് പരാതി നല്‍കിയത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരേ അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യം. മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. കോര്‍പറേഷനില്‍ മേയറാക്കാന്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ചോദിച്ചെന്ന് ആരോപിച്ച് ലാലി ജെയിംസ് രംഗത്തെത്തിയിരുന്നു. നിജി ജസ്റ്റിനെതിരേയും ലാലി ആരോപണം ഉന്നയിച്ചു. പണപ്പെട്ടിയുമായി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നുമാണ് ലാലി മാധ്യമങ്ങളോട് പറഞ്ഞത്.
തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥിയായി ആദ്യം ലാലി ജെംയിസിന്റെ പേരാണ് ഉയര്‍ന്നതെങ്കിലും പിന്നീട് അപ്രതീക്ഷിതമായി നിജി ജസ്റ്റിന്റെ പേര് ഉയരുകയായിരുന്നു. പ്രസ്ഥാനത്തിനായി നാളിതുവരെ നിലകൊണ്ട തനിക്ക് അര്‍ഹതപ്പെട്ടതായിരുന്നു മേയര്‍ പദവിയെന്ന് ലാലി ജെയിംസ് പറഞ്ഞു. മേയറെ തീരുമാനിക്കുമ്പോള്‍ ചില നേതാക്കള്‍ക്ക് ചില പ്രത്യേത താത്പര്യങ്ങളുണ്ടായെന്ന് ലാലി ആരോപിച്ചു. ആര് മേയറാകണമെന്ന് ജനങ്ങളോട് ചോദിച്ച് ഒരു സര്‍വെ നടത്തിയാല്‍ താന്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ലാലി കൂട്ടിച്ചേര്‍ത്തു, ടേം വ്യവസ്ഥയില്‍ മേയറാകുന്നതിനോട് യോജിപ്പില്ല. തൃശൂരിനെ അഞ്ചു വര്‍ഷവും നയിക്കാന്‍ ഒരാള്‍ വേണം. താനിനി മേയറാകാനോ സ്റ്റാന്റിങ് കമ്മിറ്റിയിലിരിക്കാനോ മറ്റൊരു പദവിയിലിരിക്കാനോ ഇല്ലെന്നും ലാലി പറഞ്ഞു.
നാലു പ്രാവശ്യം ആര്‍ക്കാണ് പെട്ടി കൊടുത്തതെന്ന് ലാലി വ്യക്തമാക്കട്ടെയെന്ന് ഡിഡിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. 'പാര്‍ട്ടി തീരുമാനമാണ് മേയര്‍ ആരാണെന്ന് തീരുമാനിച്ചത്. ലാലിയുടെ പ്രതികരണം പാര്‍ട്ടി പരിശോധിച്ച് ഉചിതമായ നടപടിയെടുക്കും. മേയര്‍ പദവി തീരുമാനം കെ സി വേണുഗോപാലോ ദീപാദാസ് മുന്‍ഷിയോ അല്ല. വിപ്പ് എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. വിപ്പ് വാങ്ങില്ലെന്ന് ലാലി ജെയിംസ് എന്നോട് പറഞ്ഞിട്ടില്ല. കോഴ ആരോപണത്തില്‍ മറുപടി പറയാനില്ലെന്ന് നിയുക്ത മേയര്‍ നിജി പ്രതികരിച്ചു. 'ലാലിയോട് ഒന്നും പറയാനില്ല, പാര്‍ട്ടി പറഞ്ഞോളും, തൃശൂര്‍ ടൗണില്‍ മാത്രം ഒതുങ്ങി നിന്ന ആളല്ല ഞാന്‍. വിവാദങ്ങളില്‍ പതറിപ്പോകില്ല. 27 വര്‍ഷമായി താനിവിടെ ഉണ്ടായിരുന്നുവെന്നും, സ്ഥാനമാനങ്ങള്‍ വരും പോകും, പാര്‍ട്ടി എന്നെ വിശ്വസിച്ചുകൊണ്ടാണ് ഉത്തരവാദിത്തം തന്നത്. 'നിജി പറഞ്ഞു.

