ലഖിംപൂര്‍ - ഖേരി സംഘര്‍ഷം: മന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

Update: 2021-10-04 04:13 GMT

ന്യൂഡല്‍ഹി: ലഖിംപൂര്‍  ഖേരിയില്‍ പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരുന്ന കര്‍ഷകരെ കാറിടിപ്പ് കൊന്ന കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ്. ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധക്കാര്‍ക്കിടയിലേക്ക് അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലെ വാഹനം ഇടിച്ച് കയറി ആറ് പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സുപ്രിംകോടതിയിലെ ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.

കര്‍ഷക സമരക്കാരെ ആക്രമിക്കാന്‍ നിര്‍ദേശ നല്‍കിയ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്താറിന്റെ പങ്കും അന്വേഷണ വിധേയമാകണമെന്ന് ഗൗരവ് പറഞ്ഞു.

ലഖിംപൂരിലേക്ക് പോകാനൊരുങ്ങിയ പ്രിയങ്കാ വാദ്രയെ വഴിക്കുവച്ച് യുപി പോലിസ് തടയുകയും കേസെടുക്കുകയും ചെയ്തിരുന്നു.

കര്‍ഷകരുടെ ജീവത്യാഗം പാഴായിപ്പോവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

ലഖിംപൂരില്‍ അജയ് മിശ്രയുടെയും ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും പരിപാടികള്‍ക്കിടയില്‍ പ്രതിഷേധവുമായി എത്തിയ കര്‍ഷക പ്രതിഷേധക്കാരുടെ നേര്‍ക്കാണ് മന്ത്രിമാരുടെ വാഹനവ്യൂഹത്തിലെ വാഹനം കയറിയിറങ്ങിയത്. മരിച്ച നാല് പേരില്‍ ഒരാളെ വെടിവച്ചാണ് കൊന്നതെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ട് ഉണ്ട്.

Tags: