ലക്ഷദ്വീപ്: ജിഹാദി-ഇടത് പ്രചാരണമെന്ന് ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ വി എസ് ഹരിദാസ്

Update: 2021-05-24 05:50 GMT

തിരുവനന്തപുരം: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ നടക്കുന്നത് കുപ്രചാരണമാണെന്നാരോപിച്ച് ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ വി എസ് ഹരിദാസ് രംഗത്ത്. ചില കോണ്‍ഗ്രസ്സുകാരും മറ്റ് ചിലരും കാര്യം അറിയാതെയാണ് പ്രചാരണത്തിലേക്ക് ഇടറിവീഴുന്നതെന്നും ലക്ഷദ്വീപിലെ സുരക്ഷ ശക്തമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അവിടെ സംഭവിക്കുന്നത് അവിടെയുള്ളവര്‍ക്ക് ഗുണമുള്ള കാര്യങ്ങളാണ് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

99 ശതമാനവും മുസ്ലിംകള്‍ ജീവിക്കുന്ന ദ്വീപില്‍ തദ്ദേശീയരായ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചുമതലയേറ്റെടുത്ത ഉടന്‍തന്നെ കൊവിഡ് പ്രതിരോധത്തിനായി ദ്വീപില്‍ നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും അദ്ദേഹം എടുത്തുമാറ്റി. ഗോവധ നിരോധനം, മദ്യത്തിനുണ്ടായിരുന്ന വിലക്ക് ഒഴിവാക്കല്‍ തുടങ്ങി നിരവധി പരിഷ്‌കാരങ്ങളാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ഇതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.