ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം ; എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

പരമ്പരാഗത സംസ്‌കാരങ്ങള്‍ ഇന്നും സൂക്ഷ്മതയില്‍ പാലിച്ച്, അതിഥികളായെത്തുന്ന എല്ലാവരോടും അപാരമായ സ്‌നേഹം കാണിച്ച്, ഏറെ സമാധാനത്തോടെയും ശാന്തതയുടെയും ജീവിച്ചുവരുന്ന ലക്ഷദീപ് നിവാസികള്‍ക്ക് മേലില്‍ ചുമത്തിയ ഈ നിയമങ്ങള്‍ ദീപിന്റെ തനത് സംസ്‌കൃതിയെ ഇല്ലാതാക്കുനുതകുന്നവയാണ്.

Update: 2021-05-25 11:09 GMT

കോഴിക്കോട്: ജനജീവിതം ദുസ്സഹമാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് കത്തയച്ചു. ഭാഷാപരമായും ഭൂമിശാസ്ത്രപരമായും കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന ലക്ഷദീപ്, കുറ്റകൃത്യങ്ങള്‍ പോലും അസാധാരണമായ, സമാധാനത്തിന് പേരുകേട്ട പ്രദേശമാണ്. ആറു മാസമായി ചുമതലയിലുള്ള അഡ്മിനിസ്‌ട്രേറ്റര്‍ പ്രൊഫുല്‍ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങള്‍ ലക്ഷദീപിലെ ജനങ്ങളുടെ സവിശേഷ സംസ്‌കാരത്തെ തകര്‍ക്കുന്നവയും, നിത്യജീവിതത്തെ പ്രതിസന്ധിയിലാക്കുന്നവയുമാണ്.

ഗവണ്മെന്റ് ഓഫീസുകളില്‍ നിന്നുള്ള പ്രദേശവാസികളെ ഒഴിവാക്കല്‍, മദ്യത്തിന് അംഗീകാരം നല്‍കല്‍, മല്‍സ്യത്തൊഴിലാളികളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങള്‍ നശിപ്പിക്കല്‍, ജനങ്ങളെ ഒരു വര്‍ഷം വരെ തടവില്‍ വെക്കാനുള്ള ശ്രമമാരംഭിക്കല്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കല്‍, കോവിഡ് പ്രോട്ടോകളില്‍ അയവ് വരുത്തല്‍ - തുടങ്ങി പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ വന്നത് മുതല്‍ ഏര്‍പ്പെടുത്തിയ ഓരോ നിയമങ്ങളും ദീപുകാരുടെ സാധാരണ ജീവിതം ദുരിതമയമാക്കിയിരിക്കുന്നു.

പരമ്പരാഗത സംസ്‌കാരങ്ങള്‍ ഇന്നും സൂക്ഷ്മതയില്‍ പാലിച്ച്, അതിഥികളായെത്തുന്ന എല്ലാവരോടും അപാരമായ സ്‌നേഹം കാണിച്ച്, ഏറെ സമാധാനത്തോടെയും ശാന്തതയുടെയും ജീവിച്ചുവരുന്ന ലക്ഷദീപ് നിവാസികള്‍ക്ക് മേലില്‍ ചുമത്തിയ ഈ നിയമങ്ങള്‍ ദീപിന്റെ തനത് സംസ്‌കൃതിയെ ഇല്ലാതാക്കുനുതകുന്നവയാണ്. ട്രൈബല്‍ ജനവിഭാഗങ്ങള്‍ക്ക് അവരുടെ സംസ്‌കാരത്തിലൂന്നി ജീവിക്കാന്‍ ആവശ്യമായ മുഴുവന്‍ സഹായങ്ങളും ഭരണകൂടങ്ങള്‍ ചെയ്തുവരുന്ന രീതിയാണ് ലോകത്ത് മുഴുവന്‍ കണ്ടുവരുന്നത്.

അതിനാല്‍, ലക്ഷദീപിലെ എഴുപത്തിനായിരത്തോളം വരുന്ന ജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം. അവര്‍ക്ക് മേല്‍ പുതുതായി ചുമത്തപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കണം. ലക്ഷദീപിലെ ജനജീവിതം മുമ്പത്തെപ്പോലെ ഭീതിമുക്തമാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ അടിയന്തരമായി നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Tags: