ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം; തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

സുഹ്‌റബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ അമിത്ഷായെ അറസ്റ്റു ചെയ്ത പി.കന്തസ്വാമിയെ വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി നിയമിച്ചുകൊണ്ട് എം കെ സ്റ്റാലിന്‍ ബിജെപി വിരുദ്ധ നിലപാട് കടുപ്പിച്ചിരുന്നു

Update: 2021-05-27 12:54 GMT

ചെന്നൈ: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അഡ്മിനിസ്‌ട്രേറ്റര്‍ ജനവിരുദ്ധനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ''ജനദ്രോഹ നിയമങ്ങള്‍ ബലപ്രയോഗത്തിലൂടെ നടപ്പാക്കാനും അവിടെ താമസിക്കുന്ന മുസ്‌ലിംകളെ ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന പ്രഫുല്‍ കെ പട്ടേലിനെ പ്രധാനമന്ത്രി തിരിച്ചുവിളിക്കണം. വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തി,'' സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

നേരത്തെ, സുഹ്‌റബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ അമിത്ഷായെ അറസ്റ്റു ചെയ്ത സിബിഐ അന്വേഷണ സംഘത്തലവന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ പി.കന്തസ്വാമിയെ വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി നിയമിച്ചുകൊണ്ട് എം കെ സ്റ്റാലിന്‍ ബിജെപി വിരുദ്ധ നിലപാട് കടുപ്പിച്ചിരുന്നു. കഴിഞ്ഞ ഈദുല്‍ ഫിതര്‍ ദിനത്തില്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ ആവിന്‍ മില്‍ക്ക് കവറുകളില്‍ ഈദ് ആശംസ പ്രിന്റ് ചെയ്ത് വിതരത്തിനെത്തിച്ച നടപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആശംസ അറിയിക്കാന്‍ വേണ്ടി ലക്ഷക്കണക്കിനു പാല്‍ കവറുകളിലാണ് പ്രത്യേകമായി ഈദുല്‍ ഫിതര്‍ സന്ദേശം പ്രിന്റ് ചെയ്തത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു ഈ നടപടി.

Tags:    

Similar News