ലഖിംപൂര്‍ ഖേരി: മഹാരാഷ്ട്രയില്‍ ബന്ദിന് സമ്മിശ്ര പ്രതികരണം

Update: 2021-10-11 05:45 GMT

മുംബൈ: ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷകരെ വണ്ടിയിടിപ്പിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ഭരണകക്ഷി ആഹ്വാനം ചെയ്ത ബന്ദിനോട് സമ്മിശ്ര പ്രതികരണം. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി തുടങ്ങിയ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. സര്‍ക്കാരും ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. 

തിങ്കളാഴ്ച പാതിരാത്രിയിലാണ് ബന്ദ് തുടങ്ങിയത്. സംസ്ഥാനത്തെ മിക്കവാറും വ്യാപാരസ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. പ്രാദേശിക ബസ് സര്‍വീസുകളില്‍ പലതും നിര്‍ത്തിവച്ചു. മുംബൈ മെട്രോപോളിറ്റന്‍ റീജ്യനില്‍ ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

കോലാപൂരില്‍ പൂനെ- ബെംഗളൂരു ദേശീയ പാതയില്‍ ശിവസേന പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. നിരവധി പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു.

മുംബൈയില്‍ എട്ട് യാത്രാ ബസ്സുകള്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു. പൂനെയിലെ പഴം മാര്‍ക്കറ്റ് അടച്ചിട്ട് കച്ചവടക്കാര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ഓട്ടോ റിക്ഷാ യൂനിയനുകളും ബന്ദിനെ പിന്തുണച്ച് സര്‍വീസ് നടത്തുന്നില്ല. എന്നാല്‍ ചില സംഘടനകള്‍ സമരത്തോട് വിയോജിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യത്തോടല്ല, കടകള്‍ അടച്ചിടുന്നതിലാണ് വിയോജിപ്പെന്ന് ഫെഡറേഷന്‍ ഓഫ് റിട്ടെയില്‍ ട്രേഡേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു. 

Tags:    

Similar News