ലഖിംപൂര്‍ ഖേരി: കോണ്‍ഗ്രസ് യുപി ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു; കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കു മുന്നില്‍ നേതാക്കളുടെ പ്രതിഷേധം

Update: 2021-10-18 11:46 GMT

ലഖ്‌നോ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറ് കയറ്റിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ യുപി വിധാന്‍ സഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. വിധാന്‍സഭ കാംപസില്‍ ചരന്‍സിങ് പ്രതിമക്കു മുന്നിലായിരുന്നു പ്രതിഷേധം. ഇന്ന് നടന്ന ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പും കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. 

ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കര്‍ഷക നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും അജയ് മിശ്രയെ കേന്ദ്ര കാബിനറ്റില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹത്തിന്റെ മകന്‍ അറസ്റ്റിലായെന്നും മന്ത്രി ആ സ്ഥാനത്തു തുടരരുതെന്നും കോണ്‍ഗ്രസ് നേതാവ് ആരാധനാ മിശ്ര ആവശ്യപ്പെട്ടു. 

ലഖിംപൂര്‍ ഖേരി സംഭവത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് നേതാവ് ദീപക് സിങ് പറഞ്ഞു. യുപി നിയമസഭയിലേക്ക് ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത് അതിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.

''ലഖിംപൂര്‍ ഖേരിയില്‍ എങ്ങനെയാണ് കര്‍ഷകര്‍ കൊലചെയ്യപ്പെട്ടത്, അതില്‍ നിന്ന് സര്‍ക്കാര്‍ ഓടിയൊളിക്കാന്‍ ശ്രമിക്കുകയാണ്? എന്തുകൊണ്ടാണ് ഇത്രയായിട്ടും മന്ത്രിയെ പുറത്താക്കാത്തത്? അത് കര്‍ഷകരോട് കാണിക്കുന്ന അനീതിയാണ്. ഞങ്ങള്‍ കര്‍ഷകരുടെ ശബ്ദമാണ് ഉയര്‍ത്തുന്നത്. മന്ത്രിയെ പുറത്താക്കുംവരെ പോരാട്ടം തുടരും''- യുപി കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ സമയത്തുതന്നെ നടത്താന്‍ നിശ്ചയിച്ചതില്‍ എംഎല്‍എ നരേഷ് സെയ്‌നി യുപി സര്‍ക്കാരിനെ കുറ്റപ്പെടുത്തി.

ഒക്ടോബര്‍ 14ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ മന്ത്രിയുടെ മകന്‍ ആഷിഷ് മിശ്ര ഇപ്പോള്‍ ജയിലിലാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലെ കാറ് കയറിയാണ് ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകപ്രതിഷേധക്കാര്‍ മരിച്ചത്. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നാല് പേര്‍ കൂടി മരിച്ചു. 

Tags:    

Similar News