ലഖിംപൂര്‍ ഖേരി: കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

Update: 2021-10-13 07:40 GMT

ന്യൂഡല്‍ഹി: യുപിയിലെ ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധക്കാരെ കാറിടിപ്പിച്ചുകൊന്ന കേസില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. എട്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണെമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 3ാം തിയ്യതിയാണ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരെ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലെ വാഹനം കയറ്റിക്കൊന്നത്. അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയെ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്തു. 

തങ്ങളുടെ ആവശ്യം രാഷ്ട്രപതിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതിഭവനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അജയ് മിശ്രയെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കുക, സുപ്രിംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണവും വിചാരണയും നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിനിധി സംഘം മുന്നോട്ടു വച്ചത്. രാഹുലിനൊപ്പം കോണ്‍ഗ്രസ്സിന്റെ യുപി ഇന്‍ചാര്‍ജ് പ്രിയങ്കയുമുണ്ടായിരുന്നു.

പ്രതിയുടെ പിതാവ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കുന്നിടത്തോളം സുതാര്യമായ അന്വേഷണം സാധ്യമല്ലെന്ന് രാഷ്ട്രപതിയെ അറിയിച്ചതായും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരുമായി ഇന്നു തന്നെ വിഷയം ചര്‍ച്ച ചെയ്യുമെന്ന് രാഷ്ട്രപതി ഉറപ്പുനല്‍കിയതായി പ്രിയങ്കാ ഗാന്ധി വാദ്ര പറഞ്ഞു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ്, അധിര്‍ രഞ്ജന്‍ ചൗധരി, കെ സി വേണുഗോപാല്‍, എ കെ ആന്റണി എന്നിവരാണ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും പുറമെ പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. 

Tags:    

Similar News