ലഖിംപൂര്‍ ഖേരി: 5,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

Update: 2022-01-03 08:05 GMT

ലഖ്‌നോ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരക്കാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന യുപി പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം ലഖ്‌നോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 5,000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.

ആയിരക്കണക്കിനു പേജുളള കുറ്റപത്രം ലഖിംപൂര്‍ ടൗണിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌റ്റ്രേറ്റ് കോടതിയിലേക്ക് ട്രങ്ക് ബോക്‌സിലാക്കിയാണ് കൊണ്ടുവന്നത്. പെട്ടി രണ്ട്  പൂട്ടിട്ട് ഭദ്രമാക്കിയിട്ടുണ്ട്.   

കുറ്റപത്രം സമര്‍പ്പിച്ചതായി എസ് പി യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹമാണ് കര്‍ഷക പ്രതിഷേധക്കാരെ ഒക്ടോബര്‍ മൂന്നാം  തിയ്യതി കാറ് കയറ്റിക്കൊന്നത്. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും അടക്കം എട്ട് പേര്‍ മരിച്ചു.

കുറ്റപത്രം സ്വീകരിക്കപ്പെടുന്നപക്ഷം, വിചാരണ കോടതി നിര്‍ദേശിക്കുന്ന തിയ്യതിക്ക് ആരംഭിക്കും.

കര്‍ഷക പ്രതിഷേധക്കാരെ കൊലപ്പെടുത്തിയ വാഹനം ഓടിച്ചിരുന്നത് ആഭ്യന്തര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയാണെന്നാണ് ആരോപണം. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ ബിജെപി പ്രവര്‍ത്തകരാണ്.

വാഹനം ഇടിപ്പിച്ച കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

യുപി പോലിസ് ചാര്‍ജ് ചെയ്ത എഫ്‌ഐആറില്‍ ആഷിഷ് മിശ്രയടക്കം 12 പേരാണ് പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്.

പരാതിയില്‍ അജയ് മിശ്രയുടെയും പേര് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കൊലപാതകം ആസൂത്രിതമാണെന്നാണ് കഴിഞ്ഞ മാസം അന്വേഷണ സംഘം പ്രത്യേക കോടതിയില്‍ പറഞ്ഞത്.

Tags:    

Similar News