പത്തനംതിട്ട: ചെങ്ങറ സമരനായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചില്‍സയിലായിരുന്നു. നഗരത്തിലെ അംബേദ്കര്‍ ഭവനിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. നാളുകളായി ശാരീരിക ബുദ്ധിമുട്ടുണ്ടായിരുന്നു. കെഎസ്ഇബി ജീവനക്കാരനായിരുന്നു.
കേരളത്തിലെ ഏറ്റവും ശക്തമായ ഭൂസമരത്തിന് നേതൃത്വം നല്‍കിയത് ളാഹ ഗോപാലനായിരുന്നു. സമരവുമായി ബന്ധപ്പെട്ടുണ്ടായ ചില അഭിപ്രായ ഭിന്നതമൂലം സമരഭൂമിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. കഴിഞ്ഞ അഞ്ച് കൊല്ലമായി സമരക്കാരുമായി ളാഹ ഗോപാലന് കാര്യമായ ബന്ധമില്ലായിരുന്നു.
ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ സാധുജന വിമോചന സംയുക്തവേദി, ചെങ്ങറയിലെ ഹാരിസണ്‍ ഭൂമിയിലാണ് സമരം ആരംഭിച്ചത്. . ഭൂരഹിതര്‍ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഭൂമിക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ആവേശകരമായ മാനം നല്‍കിയ സമരമായിരുന്നു ചെങ്ങറയിലേത്. ദേശീയ തലത്തില്‍ തന്നെ സമരം ചര്‍ച്ച ചെയ്യപ്പെട്ടു. 2007 ഓഗസ്റ്റ് 4നാണ് ഈ സമരമാരംഭിച്ചത്. എസ്‌റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനില്‍ 143 ഹെക്ടറോളം ഭൂമിയാണ് സമരക്കാര്‍ കുടില്‍ കെട്ടിയത്. സമരക്കാര്‍ വലിയ തോതിലുള്ള ആക്രമങ്ങള്‍ക്കും ഉപരോധത്തിനും ഇരയാവുകയും ചെയ്തിരുന്നു.
ചെങ്ങറ സമരം ചെയ്ത ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനായി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളിലും ളാഹ ഗോപാലനായിരുന്നു നേതൃത്വം നല്‍കിയത്. അന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ എ കെ ബാലന്‍, കെ പി രാജേന്ദ്രന്‍ തുടങ്ങിയവരുള്‍പ്പെട്ട സമിതി ചര്‍ച്ച ചെയ്താണ് ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി നല്‍കാനുള്ള പാക്കേജ് തയ്യാറാക്കിയത്. യോഗത്തില്‍ വച്ച് പാക്കേജ് അംഗീകരിച്ച ളാഹ ഗോപാലന്‍, തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാക്കേജിനെ സര്‍ക്കാരിന്റെ എച്ചിലെന്ന് വിശേഷിപ്പിച്ചിരുന്നു.
ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഒരേക്കര്‍ ഭൂമിയും പട്ടികജാതിക്കാര്‍ക്ക് അരയേക്കറും മറ്റുള്ളവര്‍ക്ക് 25 സെന്റ് വീതവും നല്‍കാമെന്നാണ് സര്‍ക്കാര്‍ പാക്കേജ്. വീടില്ലാത്ത പട്ടികവര്‍ഗക്കാര്‍ക്ക് ഒന്നര ലക്ഷം രൂപയുടെ വീടും പട്ടികജാതിക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ വീടും മറ്റുള്ളവര്‍ക്ക് 75,000 രൂപയുടെ വീടും നിര്‍മ്മിച്ചു നല്‍കും.
എന്നാല്‍, താമസയോഗ്യമല്ലാത്ത ഭൂമിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

