ബംഗളൂരുവില്‍ ബംഗ്ലാദേശികളുടേതെന്നാരോപിച്ച് അസം, ബംഗാളി, ത്രിപുര കുടിയേറ്റക്കാരുടെ കുടിലുകള്‍ പൊളിച്ചുമാറ്റി; നൂറു കണക്കിന് പേര്‍ തെരുവില്‍

ബ്രഹത് ബംഗളൂരു മഹാനഗര പാലിക(ബിബിഎംപി) അസി. എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് പോലിസ് പറയുന്നു.

Update: 2020-01-21 05:53 GMT

ന്യൂഡല്‍ഹി: ബംഗളൂരുവിലെ കരിയമ്മാന അഗ്രഹാരയില്‍ ബംഗ്ലാദേശികളെന്നാരോപിച്ച് നൂറു കണക്കിന് കുടുംബങ്ങളുടെ കൂരകള്‍ പൊളിച്ചുനീക്കി. ബംഗളൂരുവിലെ മാന്ദ്രി എസ്പന അപാര്‍ട്ട്‌മെന്റിനടുത്തുള്ള കുടിലുകളാണ് ഇക്കഴിഞ്ഞ ഞായറാഴ്ച പോലിസ് പൊളിച്ചുനീക്കിയത്. തൊട്ടടുത്ത പ്രദേശങ്ങളില്‍ വീട്ടുജോലിക്കാരായും കാവല്‍ക്കാരായും മറ്റും ഉപജീവനം കണ്ടെത്തിയിരുന്ന നൂറു കണക്കിനു പേര്‍ അതോടെ വഴിയാധാരമായി. താമസരേഖകളും പൗരത്വ കാര്‍ഡുകളും ആധാറും റേഷന്‍ കാര്‍ഡുകളും കൈവശമുള്ളവരുടെ വീടുകളാണ് പൊളിച്ചുനീക്കിയിരിക്കുന്നത്.

ബ്രഹത് ബംഗളൂരു മഹാനഗര പാലിക(ബിബിഎംപി) അസി. എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് പോലിസ് പറയുന്നു. ബംഗ്ലാദേശികള്‍ നിയമവിരുദ്ധമായി ഷെഡ്ഡുകള്‍ പണിതീര്‍ത്ത് പ്രദേശത്തെ ഒരു ചേരിയായി മാറ്റിയിരിക്കുന്നുവെന്നാണ് എഞ്ചിനീയറുടെ ഉത്തരവില്‍ പറയുന്നത്. മഹാദേവപുര എംഎല്‍എ അരവിന്ദ് ലിംബവാലി ജനുവരി 12 ന് നിയമവിരുദ്ധമായ ഷെഡ്ഡുകളെന്ന തലക്കെട്ടോടെ പ്രദേശത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.



 

''ഞാന്‍ അസമില്‍ നിന്നുവന്നതാണ്. എന്റെ കൈയില്‍ എല്ലാ രേഖകളുമുണ്ട്. പക്ഷേ, അവരത് പരിശോധിക്കുക പോലും ചെയ്തില്ല. എന്നിട്ടവര്‍ എന്നെ ബംഗ്ലാദേശിയെന്ന് ആക്ഷേപിക്കുന്നു. വീട് തകര്‍ക്കാന്‍ പോവുകയാണെന്ന് അവര്‍ പറഞ്ഞിരുന്നില്ല. എങ്കില്‍ ഞങ്ങള്‍ തയ്യാറായി ഇരിക്കുമായിരുന്നു. അവര്‍ വീടുകള്‍ പൊളിച്ചുനീക്കുമ്പോള്‍ ഞാന്‍ ജോലിക്കു പോയിരിക്കുകയായിരുന്നു. എന്റെ റേഷന്‍ കാര്‍ഡ് അടക്കം എല്ലാ നഷ്ടപ്പെട്ടു''- ഇവിടെ താമസിച്ചിരുന്ന വീട്ടുജോലിക്കാരിയായ മുന്നി ബീഗം വേദനയോടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മിക്കവരും ഇവിടെ വാടകക്ക് താമസിക്കുന്നവരാണ്. ഏകദേശം 2000 രൂപയാണ് വാടക. അവരുടെ കൈയില്‍ വാടകക്കരാറുകളും ഉണ്ട്. പലയിടത്തുനിന്നും വന്ന് ജോലി ചെയ്യുന്ന അവര്‍ ചെലവു കുറക്കാനാണ് ഇവിടം തിരഞ്ഞെടുത്തത്. അതുവഴി ബാക്കി പണം വീട്ടിലേക്കയക്കാന്‍ കഴിയുമെന്നതാണ് മുഖ്യ ആകര്‍ഷണം.



 ഇതിനിടയില്‍ പൊതുപ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ശ്രമഫലമായി ചില പ്രദേശങ്ങള്‍ പൊളിച്ചുനീക്കാതെ രക്ഷപ്പെടുത്താനായി. ബിബിഎംപി കമ്മീഷണര്‍ അനില്‍ കുമാര്‍ പറയുന്നത് തനിക്ക് കുടിലുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവിനെ കുറിച്ച് അറിയില്ലെന്നാണ്. പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട എഞ്ചിനീയറെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ബെല്ലന്‍ഡൂര്‍ വാര്‍ഡിലെ അസി. എഞ്ചിനീയര്‍ പറയുന്നത് പൊളിച്ചനീക്കിയത് പോലിസാണ് എന്നാണ്. ബിബിഎംപിയ്ക്ക് അതില്‍ പങ്കില്ലെന്നും അദ്ദേഹം പറയുന്നു. പ്രദേശത്ത് നിയവിരുദ്ധ കുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ടെന്ന പരാതി നേരത്തെ ലഭിച്ചിരുന്നുവെന്നും എന്നാല്‍ പൊളിച്ചുനീക്കേണ്ട ദിവസം തീരുമാനിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

താന്‍ ബംഗാളില്‍ നിന്ന് വന്നതാണെങ്കിലും പലരും തന്നെ ബംഗ്ലാദേശിയെന്നാണ് വിശേഷിപ്പിക്കുന്നതെന്ന് താമസക്കാരായിരുന്ന ബിലാല്‍ പറയുന്നു. അസം, ത്രിപുര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇവിടത്തെ താമസക്കാരെന്നാണ് ബിലാല്‍ പറയുന്നത്.


 

പൊളിച്ചുനീക്കാന്‍ വന്നവരുടെ കാലില്‍ താന്‍ വീണെന്നും സാധനങ്ങള്‍ നീക്കാന്‍ സമയം തരണമെന്ന് അപേക്ഷിച്ചുവെന്നും സക്കീര്‍ ഹുസൈന്‍ പറയുന്നു. തനിക്ക് ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും റേഷന്‍ കാര്‍ഡും ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ, എല്ലാം നഷ്ടപ്പെട്ടു. അദ്ദേഹം പറയുന്നതെന്നും അവര്‍ കേട്ടില്ല.

മുന്നി ബീഗത്തിന്റെയും ബിലാന്റെയും സക്കീറിന്റെയും കഥ ഒറ്റപ്പെട്ടതല്ല. എല്ലാവരുടെയും കാര്യം ഇതുതന്നെയാണ്. 

Tags:    

Similar News