2021 ലെ വരം പുരസ്‌കാരം കെ വി റാബിയക്ക്

Update: 2021-12-12 13:03 GMT

തിരൂര്‍: ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവര്‍ത്തനത്തിനുമുള്ള സമഗ്ര സംഭാവനക്ക് നല്‍കി വരുന്ന സംസ്ഥാനതല ഭിന്നശേഷി പുരസ്‌കാരമായ 'വരം പുരസ്‌കാര'ത്തിന് സാക്ഷരത പ്രവര്‍ത്തനത്തിലൂടെയും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെയും പ്രശസ്തയായ സാമൂഹികപ്രവര്‍ത്തക കെ വി റാബിയയെ തിരഞ്ഞെടുത്തു. 

പോളിയോ ബാധിതയായ കെ വി റാബിയ കാന്‍സറിനെയും നട്ടെല്ലിനേറ്റ ക്ഷതത്തേയും അതിജയിച്ചാണ് കഴിഞ്ഞ 3 പതിറ്റാണ്ട് കാലം വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക രംഗത്ത് സജീവമായിരുന്നത്. അശണരുടെ സാമൂഹികനീതിക്ക് വേണ്ടി ഭീഷണികളെ പോലും വകവെക്കാതെ പൊരുതിയ കെ വി റാബിയ സമൂഹത്തിന് മാതൃകയാണെന്ന് ജൂറി വിലയിരുത്തി. കാലിക്കറ്റ്, മലയാളം യൂണിവേഴ്‌സിറ്റികളിലെ പിജി പഠനത്തിന് റാബിയയുടെ 'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്' എന്ന പുസ്തകം പാഠ്യവിഷയമാണ്. ഇന്ത്യയുടെ പ്രഥമ സ്ത്രീശാക്തീകരണ പുരസ്‌കാര ജേതാവ് കൂടിയാണ് റാബിയ.

മുന്‍ വര്‍ഷങ്ങളില്‍ മുന്‍ മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടി, മുന്‍ ഭിന്നശേഷി കമ്മിഷണര്‍ ഡോ. ജി ഹരികുമാര്‍, മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് എന്നിവരായിരുന്നു വരം പുരസ്‌കാരത്തിനര്‍ഹരായവര്‍.

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് ഡപ്യൂട്ടി ഡയറക്ടര്‍ സി. അയ്യപ്പന്‍, കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ ഡയറക്ടര്‍ ഡോ. അന്‍വര്‍ ഹുസൈന്‍, ആരോഗ്യവകുപ്പ് അസി. ഡയറക്ടര്‍ ഡോ. വി വിനോദ്, കോമ്പോസിറ്റ് റീജ്യണല്‍ സെന്റര്‍ കോഴിക്കോട് ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരെഞ്ഞെടുത്തത്.

ഡിസംബര്‍ 18 ന് മലയാളം സര്‍വകലാശാലയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമുഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പുരസ്‌കാരം സമ്മാനിക്കും. ചടങ്ങില്‍ തുഞ്ചത്തെഴുത്തഛന്‍ മലയാളം സര്‍വകാലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വളളത്തോള്‍ അധ്യക്ഷനാകും. 

Tags:    

Similar News