കുവൈത്ത്-തുര്‍ക്കി ബന്ധം ശക്തമാക്കും; കടല്‍, ഊര്‍ജ, നിക്ഷേപ കരാറുകള്‍ ഒപ്പുവെച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ മിഷ്ഗല്‍ അഹ്മദ് അസ്സബാഹും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പ്രതിനിധി സംഘവും നടത്തിയ കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കാന്‍ ധാരണയായി.
കഴിഞ്ഞ വര്‍ഷം നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സുസ്ഥിര നയതന്ത്ര ഇടപെടല്‍ രാഷ്ട്രീയ, സാമ്പത്തിക, വികസന പങ്കാളിത്തം ആഴത്തിലാക്കാനുള്ള അവരുടെ ആഗ്രഹം പ്രകടമാക്കുന്നുവെന്ന് അല്‍ അദ്വാനി ഊന്നിപ്പറഞ്ഞു. 1990 ലെ ഇറാഖ് അധിനിവേശത്തില്‍ അന്താരാഷ്ട്ര നിയമസാധുതയ്ക്കും കുവൈത്തിനൊപ്പം ചരിത്രപരമായ നിലപാടിനും തുര്‍ക്കിയുടെ ഉറച്ച പിന്തുണയെയും 2000 മുതല്‍ സാമ്പത്തിക സഹകരണത്തിലെ ഗണ്യമായ വളര്‍ച്ചയെയും അദ്ദേഹം പ്രശംസിച്ചു.
ചര്‍ച്ചയില്‍ മാരിടൈം ട്രാന്‍സ്‌പോര്‍ട്ട് കരാറില്‍ ഒപ്പുവെച്ചു. കപ്പല്‍ ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുന്നതിനും, ഊര്‍ജ മേഖലയില്‍ സഹകരിക്കാനും നേരിട്ടുള്ള നിക്ഷേപങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും ബന്ധപ്പെട്ട ധാരണപത്രങ്ങള്‍ ഇരു രാജ്യങ്ങളുടെയും മന്ത്രിമാര്‍ ഒപ്പുവെച്ചു.