കുവൈത്ത്: ഷൈഖ് നവാഫ് അല്‍ അഹമദ് അധികാരമേറ്റു

അന്തരിച്ച അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിന്റെ അര്‍ദ്ധ സഹോദരനാണ് 83 കാരനായ പുതിയ അമീര്‍.

Update: 2020-09-30 12:09 GMT

കുവൈത്ത് സിറ്റി : കുവൈത്തിന്റെ പതിനാറാമത് അമീറായി ഷൈഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റില്‍ ഇന്ന് നടത്തിയ പ്രത്യേക സമ്മേളനത്തിലാണു സത്യ പ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. 'ഭരണഘടനയെയും ഭരണകൂട നിയമങ്ങളെയും ബഹുമാനിക്കുമെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വാതന്ത്ര്യവും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനും ഞാന്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ നാമത്തില്‍ സത്യ പ്രതിജ്ഞ ചെയ്യുന്നു. അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് തന്റെ മാതൃരാജ്യത്തിനു വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി നമ്മെ വിട്ടു പോയിരിക്കുന്നു. നമ്മുടെ മഹത്തായ പൈതൃകത്തിന്റെ ഉന്നതമായ പ്രതീകമായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ ഉന്നതമായ പ്രവര്‍ത്തനങ്ങള്‍ നമുക്ക് എന്നും വഴി കാട്ടിയായി തുടരും. രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും വേണ്ടി പരമാവധി ശ്രമിക്കുമെന്ന് ഞാന്‍ നിങ്ങളോട് പ്രതിജ്ഞ ചെയ്യുന്നു.' അമീര്‍ പറഞ്ഞു. അന്തരിച്ച അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിന്റെ അര്‍ദ്ധ സഹോദരനാണ് 83 കാരനായ പുതിയ അമീര്‍. 2006 ല്‍ ആണ് അദ്ദേഹം കുവൈത്ത് കിരീടാവകാശിയായി തെരഞ്ഞെടുക്കപ്പെട്ടത്.




Tags: