കുവൈത്ത്: ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വ്വീസിന് അനുമതി; ആദ്യ സര്‍വീസ് ആഗസ്ത് 26ന്

Update: 2021-08-24 12:41 GMT

കുവൈത്ത് സിറ്റി: ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വ്വീസിനുള്ള അനുമതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. കുവൈത്ത് ജിഡിസിഎ ഇത് സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആഗസ്ത് 26 വ്യാഴാഴ്ച ഇന്ത്യയില്‍ നിന്ന് നേരിട്ട് രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തും. 

വാക്‌സിനേഷന്‍ ചെയ്തവര്‍, കുവൈത്തിനു പുറത്ത് നിന്ന് വാക്‌സിനേഷന്‍ നടത്തിയവര്‍, കുവൈത്തില്‍ നിന്ന് വാക്‌സിനേഷന്‍ നടത്തിയവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചാണ് കൊവിഡ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അതനുസരിച്ച് കുവൈത്ത് അംഗീകൃത വാക്‌സിനുകളായ ഫൈസര്‍, ആസ്ട്രസെനക/കോവിഷീല്‍ഡ്, മോഡേര്‍ണ എന്നിവ രണ്ടു ഡോസും ജോണ്‍സന്‍ & ജോണ്‍സണ്‍ ഒരു ഡോസും പൂര്‍ത്തിയാക്കണം. കുവൈത്ത് അംഗീകൃതമല്ലാത്ത റഷ്യന്‍, ചൈനീസ് വാക്‌സിനുകളായ സിനോഫാം, സ്പുട്‌നിക്, സിനോവാക് എന്നിവ സ്വീകരിച്ചവര്‍ ഇതിനു പുറമേ കുവൈത്ത് അംഗീകൃത വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ ഒരു ഡോസെങ്കിലും സ്വീകരിക്കണം. കുവൈത്തില്‍നിന്നും വാക്‌സിന്‍ സ്വീകരിച്ച് നാട്ടിലേക്ക് പോയവര്‍ കുവൈത്ത് ഇമ്മ്യൂണ്‍ ആപ്പിലും മൊബൈല്‍ ഐഡി ആപ്പിലും ഇവ ഡൗണ്‍ലോഡ് ചെയ്ത് ഇവയുടെ സ്റ്റാറ്റസ് പച്ച നിറമായി കാണിക്കണം.

വിദേശത്ത് നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ പേപ്പര്‍ രൂപത്തിലുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. ഇവയില്‍ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേര്, സ്വീകരിച്ച വാക്‌സിന്റെ പേര്, തിയ്യതികള്‍, വാക്‌സിന്‍ സ്വീകരിച്ച സ്ഥലം മുതലായ വിവരങ്ങള്‍ ഉണ്ടായിരിക്കണം. ഇവ സ്‌കാന്‍ ചെയ്താല്‍ ഇതേ വിവരങ്ങള്‍ ലഭ്യമാവുന്ന ക്യൂ.ആര്‍ കോഡും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരിക്കണം.

ക്യൂ.ആര്‍ കോഡ് റീഡ് ചെയ്യപ്പെടാത്ത സാഹചര്യം നേരിടുന്നവര്‍ എന്ന ആരോഗ്യ മന്ത്രാലത്തിന്റെ ലിങ്കില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും ഇവക്ക് അംഗീകാരം, നേടുകയും വേണം.

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സ്വദേശികളും സാധുവായ താമസരേഖയുള്ള വിദേശികളും 72 മണിക്കൂര്‍ സാധുതയുള്ള പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. ശ്ലോനിക് ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസത്തെ ഹോം ക്വാറന്റീന്‍ ആവശ്യമാണ്. 3 ദിവസത്തിനു ശേഷം ഇവര്‍ക്ക് പി.സി.ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം.

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി പുതിയ വിസയില്‍ എത്തുന്നവര്‍, സിവില്‍ ഐഡി നമ്പര്‍ ലഭിക്കാത്തവര്‍ എന്നിവര്‍ കുവൈത്തില്‍ എത്തിയാല്‍ 24 മണിക്കൂറിനകം പി. സി. ആര്‍ പരിശോധനക്ക് വിധേയരാകണം. 72 മണിക്കൂര്‍ സാധുതയുള്ള പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. കുവൈത്തില്‍ എത്തിയാല്‍ കുവൈത്തിനെ മൊബെല്‍ സിം കാര്‍ഡ് എടുത്ത് ശ്ലോനിക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമെന്ന സത്യവാങ്മൂലം കരുതണം. ഏഴു ദിവസത്തെ ഹോം ക്വാറന്റീന്‍ വേണ്ടിവരും. മൂന്നു ദിവസത്തിനു ശേഷം പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. 

Tags:    

Similar News