കുവൈത്ത് ഓയില്‍ ഉല്‍പാദനത്തില്‍ വന്‍ കുതിപ്പ്; മൂന്നു വര്‍ഷത്തില്‍ 1,337 പുതിയ കിണറുകള്‍ കുഴിച്ചു

Update: 2026-01-13 09:13 GMT

കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കുവൈത്ത് ഓയില്‍ കമ്പനി (കെഒസി) ഡ്രില്ലിംഗ് ആന്‍ഡ് എക്‌സ്‌പ്ലോറേഷന്‍ വിഭാഗത്തില്‍ 1,337 എണ്ണക്കിണറുകള്‍ കുഴിച്ചതായി റിപോര്‍ട്ട്. 2023 മുതല്‍ 2025 വരെ കാലയളവില്‍ 5,783 എണ്ണ ഉല്‍പാദന കിണറുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതായും കെഒസി അറിയിച്ചു. നാലു ശതമാനത്തില്‍ താഴെ മാത്രം കിണറുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുകയാണെന്നും, പ്രവര്‍ത്തനം നിലച്ചതോ കുറഞ്ഞ ഉല്‍പാദന ശേഷിയുള്ളതോ ആയ കിണറുകള്‍ പുനസ്ഥാപിക്കുന്നതിലൂടെ പ്രതിദിനം 10,000 ബാരലിലധികം അധിക എണ്ണ ഉല്‍പാദനം സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍.

2035 ഓടെ പ്രതിദിന എണ്ണ ഉല്‍പാദനം നാലു ദശലക്ഷം ബാരലിലേക്കുയര്‍ത്തുകയും, 2040 വരെ അത് നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് കുവൈത്ത് ഓയില്‍ കമ്പനിയുടെയും കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്റെയും (കെപിസി) ദീര്‍ഘകാല തന്ത്രം. പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുകയും കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്ന വിവിധ നടപടികള്‍ കെഒസി നടപ്പിലാക്കി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്നൊവേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ടീം രൂപീകരിച്ച് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ പുനക്രമീകരിച്ചതോടെ ഡാറ്റ ഗുണനിലവാരം, ഓട്ടോമേഷന്‍, സംയോജനം തുടങ്ങിയ മേഖലകളില്‍ ഗണ്യമായ പുരോഗതി കൈവരിച്ചു. ഈ വര്‍ഷം നിരവധി ഡിജിറ്റല്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും, ഡിജിറ്റൈസേഷനും ഡാറ്റ സംയോജനവും വഴി ഡ്രില്ലിംഗ് ഡാറ്റയുടെ ഓട്ടോമേഷന്‍ സാധ്യമാക്കി പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തിയതായും കെഒസി അറിയിച്ചു.

Tags: