കുറ്റിയാടി സീറ്റ് കേരള കോണ്‍ഗ്രസിന്; പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍

Update: 2021-03-10 14:12 GMT

കുറ്റിയാടി: കുറ്റിയാടി  സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. കുറ്റിയാടി ടൗണില്‍ നടന്ന പ്രകടനത്തില്‍ സ്ത്രീകളടക്കം ധാരാളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയപ്പോള്‍ സീറ്റ് ജോസ് വിഭാഗത്തിന് നല്‍കിയതില്‍ പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. കേരള കോണ്‍ഗ്രസ്സിന് മണ്ഡലത്തില്‍ സ്വാധീനമില്ലെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ വാദം.

അതിനിടയില്‍ സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കുറ്റിയാടിയില്‍ നിന്ന് സിപിഎം മണ്ഡലം കമ്മിറ്റി കത്തയച്ചിട്ടുണ്ട്. കുറ്റിയാടി സീറ്റില്‍ സിപിഎം തന്നെ മത്സരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ പാറക്കല്‍ അബ്ദുള്ളയാണ് മണ്ഡലത്തില്‍ നിന്ന് ജയിച്ചതെങ്കിലും സിപിഎമ്മിലെ കെ കെ ലതിക ചെറിയ വോട്ടിന്റെ വ്യത്യാസത്തിലാണ് തോറ്റത്. അതുകൊണ്ടുതന്നെ മുറുക്കിപ്പിടിച്ചാല്‍ വിജയസാധ്യതയുളള സീറ്റായാണ് സിപിഎം പ്രവര്‍ത്തകര്‍ കുറ്റിയാടിയെ കണക്കാക്കുന്നത്.