കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ നിലവാരമുയര്‍ത്തണം: മനുഷ്യാവകാശ കമ്മീഷന്‍

Update: 2022-04-21 11:52 GMT

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ ചീഫ് സെക്രട്ടറി തലത്തില്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്. ആധുനിക ചികിത്സാ സൗകര്യങ്ങളും ഗുണമേന്മയേറിയ ചികിത്സയും ആരോഗ്യപരമായ അന്തരീക്ഷവും ഉറപ്പു വരുത്തിയാല്‍ മാത്രമേ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളും ഒഴിവാക്കാന്‍ കഴിയുകയുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 9 ന് വാര്‍ഡിലുണ്ടായ വഴക്കില്‍ ഒരു അന്തേവാസി കൊല്ലപ്പെട്ട സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. കമ്മീഷന്‍ അംഗം കെ. ബൈജുനാഥ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു.

പരിക്കേറ്റ അന്തേവാസി ജിയാലെറ്റിനെ ഡോക്ടര്‍ പരിശോധിച്ച് മരുന്നു നല്‍കിയതായി ആശുപത്രി സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. ഗുരുതര പരിക്കുകള്‍ ശ്രദ്ധയില്‍ പെട്ടില്ല. യഥാസമയം വിദഗ്ദ്ധ ചികിത്സ നല്‍കിയിരുന്നെങ്കില്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യതയുണ്ടായിരുന്നതായി കമ്മീഷന്‍ വിലയിരുത്തി. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരുടെയും ആഭാവം കാരണം പൊറുതിമുട്ടുന്ന ആശുപത്രി അധികൃതരെയും ജീവനക്കാരെ കുറ്റപ്പെടുത്തുന്നില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ കമ്മീഷന്‍ വിലയിരുത്തി.

Tags:    

Similar News