'ജാതിയും മതവും നോക്കി അഭിപ്രായം പറയുന്ന രീതി ഞങ്ങള്‍ക്കില്ല'; കോടിയേരിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കുഞ്ഞാലിക്കുട്ടി

Update: 2022-01-18 14:18 GMT

മലപ്പുറം: കോടിയേരി ബാലകൃഷ്ണന്‍ ആവശ്യം പോലെ യുഡിഎഫിനെ കുറിച്ച് ആക്ഷേപങ്ങളുടെ കാര്‍ഡ് മാറ്റി ഇറക്കുകയാണെന്നും അദ്ദേഹത്തെ പോലെ മുതിര്‍ന്ന ഒരാള്‍ ഇങ്ങനെ പറയുമ്പോള്‍ അത്ഭുതം തോന്നുന്നെന്നും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത് യുഡിഎഫില്‍ ന്യൂനപക്ഷം മാത്രമേയുള്ളു എന്നായിരുന്നു. ഇപ്പോള്‍ ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലെന്നാണ് പറയുന്നത്. തരാതരം പോലെ നിലപാടു മാറ്റുകയാണ് കോടിയേരി. വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിലും ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിലും ന്യൂനപക്ഷം അകന്ന് പോകുന്നുണ്ടോയെന്ന് സിപിഎമ്മിന് സംശയമുണ്ട്. സംസ്ഥാനത്ത് ദിനേനയുണ്ടാകുന്ന വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സിപിഎം പലപ്പോഴായി പയറ്റിയിരുന്ന അടവാണിതെന്നും ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കുക എന്നതാണ് സിപിഎമ്മിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

മതേതര വിശ്വാസികള്‍ ബിജെപിക്ക് പകരക്കാരായി കാണുന്നത് കോണ്‍ഗ്രസ്സിനെയാണ്. കോടിയേരിയുടെ പ്രസ്താവനക്ക് പാര്‍ട്ടിയില്‍ തന്നെ യോജിച്ച അഭിപ്രായമുണ്ടാകില്ല. ലോക്‌സഭയില്‍ സിപിഎമ്മിന് ഇപ്പോഴുള്ള പ്രാതിനിധ്യം പോലും കോണ്‍ഗ്രസ്സിന്റെ പിന്‍ബലത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ജാതിയും മതവും നോക്കി അഭിപ്രായം പറയുന്ന രീതി ഞങ്ങള്‍ക്കില്ല. എല്ലാ ജനവിഭാഗങ്ങള്‍ക്കും കഴിവും പ്രാപ്തിയും മനസ്സിലാക്കി കോണ്‍ഗ്രസ്സ് പ്രാതിനിധ്യം നല്‍കാറുണ്ട്. ഇതെല്ലാം ഒരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. കോണ്‍ഗ്രസ്സിനെ ക്ഷീണിപ്പിച്ചാല്‍ അത് ഗുണം ചെയ്യുക ബിജെപിക്കാകും.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ്. തുടക്കംമുതല്‍ തന്നെ കൃത്യമായി ഇടപെട്ട് വ്യാപനം കുറക്കാനും, വാക്‌സിനേഷന്‍, ടെസ്റ്റ് എന്നിവ കൂട്ടാനും സര്‍ക്കാര്‍ തയ്യാറാവണം. നിയന്ത്രണങ്ങള്‍ ശാസ്ത്രീയമായും പ്രായോഗികമായും നടപ്പിലാക്കണം. പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ സഹകരണം ഇക്കാര്യത്തിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ സിപിഎം സമ്മേളനങ്ങള്‍ നടക്കുന്ന സമയമായത് കൊണ്ട് നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് കണ്‍ഫ്യൂഷന്‍ ഉണ്ട്. യു.ഡി.എഫിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പരിപാടികള്‍ ഇതിനകം മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍ സി.പി.എം സമ്മേളനങ്ങള്‍ മാറ്റുന്നില്ല. അതിന്റെ ദോഷം ടി.പി.ആറില്‍ കാണാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.