അഷ്റഫ് കൊലപാതകം; അന്വേഷണം ഊര്‍ജിതമാക്കി പോലിസ്; കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ്
മംഗളൂരു: മംഗളൂരുവില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന വയനാട് പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്റഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, അന്വേഷണം ഊര്‍ജിതമാക്കി പോലിസ്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പോലിസ് തെളിവെടുപ്പ് തുടങ്ങി.
അഷ്റഫിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കുടുംബം പറഞ്ഞിരുന്നു. ഇത് സ്ഥിരീകരിക്കുന്നതിനായി, മംഗളൂരു സിറ്റി പോലിസ് സംഘം ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ മാനസിക രോഗാശുപത്രി സന്ദര്‍ശിച്ചു. അഷ്റഫ് ചികിത്സ തേടിയിരുന്ന മലപ്പുറം ജില്ലയിലെ വെട്ടത്തുള്ള ഒരു മാനസികാരോഗ്യ കേന്ദ്രവും സംഘം സന്ദര്‍ശിച്ചു.
മംഗളൂരുവില്‍ സ്‌ക്രാപ്പ് മെറ്റീരിയലുകള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയാണ് അഷ്റഫ് ഉപജീവനം കണ്ടെത്തിയിരുന്നത്. സ്‌ക്രാപ്പ് മെറ്റീരിയലുകള്‍ വാങ്ങുന്ന കടകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു വരികയാണ്. ഇതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. വീഡിയോ ക്ലിപ്പില്‍ അഷ്റഫ് ഒരു കടയിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത് കാണാം. മെയ് 4, 5 തീയതികളില്‍ മംഗളൂരുവിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുള്‍ ജബ്ബാര്‍, ദൃശ്യങ്ങളില്‍ കാണുന്നയാള്‍ അഷ്റഫ് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സാക്ഷികളായി തിരിച്ചറിഞ്ഞ അഞ്ച് വ്യക്തികളില്‍ നിന്ന് മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. പ്രതികളില്‍ നിന്നും ലഭിച്ച ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും പോലിസ് കൂട്ടിചേര്‍ത്തു.
