കള്ളപ്പണക്കേസില്‍ പാണക്കാട് തങ്ങളെ ഇഡി ചോദ്യം ചെയ്‌തെന്ന് ജലീല്‍; കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ഇഡി ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി

തങ്ങളെ മറയാക്കി കുഞ്ഞാലിക്കുട്ടി മാഫിയ പ്രവര്‍ത്തനം നടത്തുന്നുവെന്നും കെടി ജലീല്‍

Update: 2021-08-04 08:07 GMT

തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്തിരുന്നുവെന്ന് കെടി ജലീല്‍ എംഎല്‍എ. ചന്ദ്രിക ദിനപത്രത്തില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന സംഭവത്തിലാണ് ചോദ്യം ചെയ്തതെന്നും ഇത് ഹൈദരലി ശിഹാബ് തങ്ങളെ മാനസികമായി തളര്‍ത്തിയെന്നും കെടി ജലീല്‍ നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തികമായി തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെങ്കില്‍ ഏത് ഏജന്‍സിക്കും പരാതി നല്‍കാം. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല. തുടര്‍ന്നാണ് നേരിട്ട് പാണക്കാട് എത്തി ചോദ്യം ചെയ്തത്. ആരുടെ വീട്ടിലും പണം കായ്ക്കുന്ന മരമില്ലല്ലോയെന്നും കെടി ജലീല്‍ പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറത്തെ സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണം ആവര്‍ത്തിക്കുകയാണ് കെടി ജലീല്‍. ഇരുവരുടേയും സാമ്പത്തിക ഇടപാട് ദുരൂഹതകള്‍ നിറഞ്ഞതാണെന്നും തങ്ങളുടെ കൈയ്യിലുള്ള കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ലീഗിന്റേയും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടേയും മറ ഉപയോഗിക്കുകയാണെന്നും കെടി ജലീല്‍ ആരോപിച്ചു. പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിക്കിന്റെ പണം ഉള്‍പ്പെടെ 110 കോടി മലപ്പുറം അബ്ദുറഹ്മാന്‍ നഗര്‍ സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കില്‍ രേഖകകളില്ലാത്തതായി ഇന്‍കം ടാക്‌സ് വകുപ്പ് കണ്ടെത്തി. ഇത് കണ്ടുകെട്ടിയിട്ടുണ്ടെന്നും രണ്ട് മാസത്തിനിടയില്‍ 7 കോടിയുടെ അവകാശികള്‍ രേഖകള്‍ സമര്‍പ്പിച്ച് പണം പിന്‍വലിച്ചുവെന്നും കെടി ജലീല്‍ ആരോപിച്ചു.

103 കോടിയുടെ അവകാശികള്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. അവരുടെ ലിസ്റ്റ് ഇന്‍കംടാക്‌സ് പുറത്ത് വിട്ടിരുന്നു. അതില്‍ ഒന്നാമത്തെയാള്‍ ആഷിഖ് ആയിരുന്നു. 3.5 കോടിയാണ് ബാങ്കിലുള്ളത്. പലിശയിനത്തില്‍ 1.5 കോടിയോളം പിന്‍വലിച്ചിട്ടുണ്ട്. അത് അക്കൗണ്ട് മുഖേനയല്ല. മറ്റാരോ ആണ് അത് പിന്‍വലിച്ചത്. ഇത് എന്‍ആര്‍ഐ പണമാണെന്നാണ് കുഞ്ഞാലികുട്ടി സഭയില്‍ പറഞ്ഞത്. എന്നാല്‍ ആ ബാങ്കില്‍ എന്‍ആര്‍ഐ അക്കൗണ്ട് തുടങ്ങാനുള്ള അനുമതിയില്ല. കുഞ്ഞാലിക്കുട്ടി സഭയെ തെറ്റിദ്ധരിപ്പിച്ചു.

ഇതിന് കുഞ്ഞാലിക്കുട്ടിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കും. മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകള്‍ കേരള ബാങ്കില്‍ ചേരാതിരുന്നത് കോടികളുടെ കള്ളപ്പണം ഉള്ളത് കൊണ്ടാണെന്നും എ ആര്‍ നഗര്‍ ബാങ്ക് ഭരണസമിതി അടിയന്തരമായി പിരിച്ചു വിടണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. നിലവിലെ ഭരണസമിതിയെ നിലനിര്‍ത്തി അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍, പാണക്കാട് ഇഡി എത്തിയത് ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ ചോദിച്ചറിയാനായിരുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചന്ദ്രികയുടെ ഹോണററി ചെയര്‍മാനാണ് പാണക്കാട് തങ്ങള്‍. പാലാരിവട്ടം വട്ടം പണം ചന്ദ്രികയിലെത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ഇഡി ചോദിച്ചിറിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: