കെഎസ്ആര്‍ടിസി: ഹിതപരിശോധന ഡിസംബര്‍ 30ന്

Update: 2020-11-10 11:39 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുടെ അംഗീകാരത്തിന് വേണ്ടിയുള്ള ഹിതപരിശോധന ഡിസംബര്‍ 30ന് നടക്കും. കാലാവധി അവസാനിച്ച് ഒന്നര വര്‍ഷത്തിനു ശേഷമാണ് ഇത്തവണ ഡിസംബറില്‍ ഹിതപരിശോധന നടത്തുന്നത്. ഇതിന് മുന്നോടിയായി നവംബര്‍ 13 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. കരട് വോട്ടര്‍ പട്ടിക നവംബര്‍ 17ന് പ്രസിദ്ധീകരിക്കും. 23 വരെ കരട് വോട്ടര്‍ പട്ടികയില്‍മേലുള്ള പരാതി സമര്‍പ്പിക്കാം. അതിനുള്ള ഹിയറിംഗ് 25 ന് നടക്കും. തുടര്‍ന്ന് 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 2 ന് നാമനിര്‍ദ്ദേശ പത്രികള്‍ സമര്‍പ്പിക്കാം. അന്ന് തന്നെ സൂഷ്മ പരിശോധന നടത്തി മാതൃകാ ബാലറ്റ് പേപ്പര്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ 30ന് രാവിലെ 7.30 മുതല്‍ വൈകുന്നേരം 5.30 വരെ വോട്ടെടുപ്പ് നടക്കും. 2021 ജനുവരി 1ന് ഫലപ്രഖ്യാപനം നടക്കും.

തിരഞ്ഞെടുപ്പിനായി സംസ്ഥാന വ്യാപകമായി 100 ബൂത്തുകള്‍ ഒരുക്കും. ശബരിമല ഡ്യൂട്ടി ഉള്ളവര്‍ക്ക് ആവശ്യമുള്ള പക്ഷം പമ്പയില്‍ ഒരു പോളിംഗ് ബൂത്ത് ഒരുക്കാനുള്ള പദ്ധതിയും ഉണ്ട്. ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ തീയതിയായ നവംബര്‍ 13ന് റോളിലുള്ള ഏകദേശം 29,000 ജീവനക്കാര്‍ക്കാണ് വോട്ടവകാശം ഉള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനകം 120 ദിവസം ഡ്യൂട്ടിയോ, ഹാജരോ തികച്ചവരെയാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുക.

Tags: