മനപ്പൂര്‍വം സൃഷ്ടിച്ചതാണോ എന്ന് സംശയം; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് അപകടത്തില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി ആന്റണി രാജു

ഇന്നലെ സര്‍വ്വീസ് ആരംഭിച്ച കെ സ്വിഫ്റ്റിന്റെ രണ്ടാമത്തെ ബസും അപകടത്തില്‍പ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം

Update: 2022-04-12 11:39 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടത്തില്‍ ദുരൂഹതയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മനപ്പൂര്‍വം അപകടം സൃഷ്ടിച്ചതാണോ എന്നു സംശയിക്കുന്നു. സംഭവത്തില്‍ സ്വകാര്യ ലോബികളുടെ പങ്ക് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. മനപ്പൂര്‍വമെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. വിശദമായ അന്വേഷണം നടത്തുമെന്ന് ആന്റണി രാജു കൂട്ടിച്ചേര്‍ത്തു. 

ഇന്നലെ സര്‍വ്വീസ് ആരംഭിച്ച കെ സ്വിഫ്റ്റിന്റെ രണ്ടാമത്തെ ബസും അപകടത്തില്‍പ്പെട്ട സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ സെമി സ്ലീപ്പര്‍ നോണ്‍ എസി ഡീലക്‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം ചങ്കുവെട്ടിയില്‍ വച്ച് സ്വകാര്യ ബസ് കെ സ്വിഫ്റ്റ് തിരുവനന്തപുരം ഡീലക്‌സില്‍ ഉരസി പോകുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.

കെ സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസും നേരത്തെ അപകടത്തില്‍പ്പെട്ടിരുന്നു. മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത സര്‍വീസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി. ഗ്ലാസിന് 35000 രൂപ വിലയുണ്ടെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. പകരം കെഎസ്ആര്‍ടിസിയുടെ മിറര്‍ സ്ഥാപിച്ചാണ് സര്‍വീസ് തുടര്‍ന്നത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കെഎസ് ആര്‍ടിസി എംഡി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്വകാര്യലോബിയാണ് അപകടത്തിന് പിന്നിലെന്നാണ് കെഎസ്ആര്‍ടിസിയുടെ ആരോപണം.

സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിന് തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആ!ര്‍ടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണിത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം, ഇതില്‍ 8 എസി സ്ലീപ്പറും, 20 എസി സെമി സ്ലീപ്പറും ഉള്‍പ്പെടുന്നു.

കെഎസ്ആര്‍ടിസിയുടെ ദയാവധത്തിന് വഴിവക്കുന്നുവെന്നാരാപോപിച്ച് ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള പ്രതിപക്ഷ ട്രേഡ് യൂനിയനുകള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ പ്രതിഷേധ ദിനവും സംഘടിപ്പിച്ചു. ഭരണാനുകൂല സംഘടനയും ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. വിവാദങ്ങക്കുറിച്ച് ഒന്നും പറയാതെ, ആശംസകള്‍ രണ്ട് വാചകങ്ങളിലൊതുക്കി മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫിനു ശേഷം വേദി വിട്ടു. 

Tags: