വേതനക്കുടിശ്ശിക ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ഇന്ന്
ബെംഗളൂരു: സംസ്ഥാനത്തെ സര്‍ക്കാര്‍ ഗതാഗത സ്ഥാപനങ്ങളായ കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി)യും ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി)യും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഇന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തു. 38 മാസത്തെ വേതന പരിഷ്‌കരണ കാലയളവിലെ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് 'ബെംഗളൂരു ചലോ' എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
2024 ജനുവരി ഒന്നുമുതല്‍ നാലുവര്‍ഷത്തെ വേതനക്കരാര്‍ നടപ്പിലാക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. മുന്‍പ് നടന്ന പണിമുടക്കിനിടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഇതുവരെ കാര്യമായ നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്നതാണ് തൊഴിലാളികളുടെ ആരോപണം. ഇതിനിടെ, പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്ക് ഹാജരാകണമെന്ന് കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ അക്രം പാഷ ജീവനക്കാരോട് നിര്‍ദേശിച്ചു. ജോലിയില്‍ ഹാജരാകാതിരിക്കുന്നവര്‍ക്കെതിരേ ശമ്പളം വെട്ടിക്കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഹാജരാകാത്ത ജീവനക്കാരുടെ യൂണിറ്റ് അടിസ്ഥാനത്തിലുള്ള പട്ടിക തയ്യാറാക്കി നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.