തൃശൂര്‍: ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി ബാബു (45) ആണ് മരിച്ചത്. മണലി പാലത്തിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.
എറണാകുളത്ത് നിന്ന് പാലക്കാട്ടേക്ക് സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് ബാബു ഓടിച്ചിരുന്നത്. ഇന്നലെ വൈകിട്ട് പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമീപം ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ബാബു ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ ഇടപെട്ട് യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മണലി പാലത്തിനു താഴെ ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.