കെഎസ്ആര്‍ടിസി സൂചനാപണിമുടക്ക് തുടങ്ങി; സിഐടിയു സമരത്തിലില്ല

Update: 2022-05-06 01:10 GMT

തിരുവനന്തപുരം: അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സൂചനാ പണിമുടക്ക് തുടങ്ങി. ശമ്പള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐടിയു പണിമുടക്കിലില്ല. ബിഎംഎസും ടിഡിഎഫുമാണ് പണിമുടക്ക് നടത്തുന്നത്.

പണിമുടക്കിനെ നേരിടാന്‍ മാനേജ്‌മെന്റ് ഡൈസ്‌നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കുന്നവരുടെ വേതനം മെയ് മാസത്തിന്റെ ശമ്പളത്തില്‍നിന്ന് ഈടാക്കാനാണ് തീരുമാനം.

മൂന്ന് അംഗീകൃത യൂനിയനുകളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തില്‍ അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂനിയനുകള്‍ അറിയിച്ചിരുന്നു.

ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂര്‍ത്തിയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് യൂനിയനുകള്‍ മന്ത്രിയെ അറിയിച്ചു. ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാനായി സര്‍ക്കാരില്‍ നിന്ന് 65 കോടി രൂപ മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും ധന വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപയും 45 കോടിയുടെ ഓവര്‍ഡാഫ്റ്റും ഉപയോഗിച്ചാണ് 19ാം തീയതി ശമ്പളം നല്‍കാനായത്.

Tags:    

Similar News