സോളാര്‍ ബോട്ടുകളുമായി കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍

ഒരേസമയം നൂറു സഞ്ചാരികളെ കൊണ്ടുപോകാനുള്ള ശേഷി സൂര്യാംശുവിനുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ പ്രശാന്ത് നായര്‍ പറഞ്ഞു

Update: 2022-06-16 09:00 GMT

കൊച്ചി: ടൂറിസം രംഗത്ത് ഉപയോഗിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ നിര്‍മിച്ച സൗരോര്‍ജ ബോട്ട് മണ്‍സൂണ്‍ കഴിയുന്നതോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് അധികൃതര്‍. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റവും പാരിസ്ഥിതിക പ്രശ്‌നങ്ങളും തരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്തതാണ് 'സൂര്യാംശു'. ബോട്ടിന്റെ അവസാന ഘട്ട പണികള്‍ കൊച്ചിയില്‍ നടക്കുകയാണ്.

ഒരേസമയം നൂറു സഞ്ചാരികളെ കൊണ്ടുപോകാനുള്ള ശേഷി സൂര്യാംശുവിനുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ പ്രശാന്ത് നായര്‍ പറഞ്ഞു.യാതൊരുവിധ മലിനീകണവുമുണ്ടാക്കാത്ത ഈ സൗരോര്‍ജയാനത്തിന് 3.95 കോടിയാണ് നിര്‍മാണച്ചെലവ്. രാത്രിയും പകലും ഉപയോഗിക്കാനാവശ്യമായ വൈദ്യുതോര്‍ജം ഇതിലെ സോളാര്‍ പാനലില്‍ നിന്നു ലഭിക്കും. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ജനറേറ്റര്‍ സംവിധാനവും ഉണ്ട്.

കൊച്ചിയിലാണ് തുടക്കത്തില്‍ സൂര്യാംശുവിന്റെ സേവനം ലഭിക്കുക. തുടര്‍ന്ന് കോഴിക്കോടും ആലപ്പുഴയും ഉള്‍പ്പെടെയുള്ള ടൂറിസംമേഖലകളിലും സോളാര്‍ ബോട്ടുകള്‍ നീറ്റിലിറക്കുകയാണ് കോര്‍പറേഷന്റെ പദ്ധതി. നിലവിലുള്ള യാനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്ന പദ്ധതിയും ഈ വര്‍ഷം നടപ്പിലാക്കുന്നുണ്ട്. യാനങ്ങളുടെ ആവശ്യവും ഉപയോഗവും കണക്കിലെടുത്തു കെഎസ്‌ഐഎന്‍സി കൂടുതല്‍ സോളാര്‍ ബോട്ടുകള്‍ നിര്‍മ്മിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ പ്രശാന്ത് നായര്‍ പറഞ്ഞു.

Tags:    

Similar News