വിമാനത്തിലെ പ്രതിഷേധം: കെഎസ് ശബരീനാഥ് അറസ്റ്റില്‍

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ശബരിനാഥ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്

Update: 2022-07-19 07:04 GMT

തിരുവനന്തപുരം: വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ശബരിനാഥ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാന്‍ തിരു. സെഷന്‍സ് കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. ഹര്‍ജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. 

കേസില്‍ ചോദ്യം ചെയ്യലിനായി കെ എസ് ശബരിനാഥ് വലിയതുറ പോലിസ് സ്‌റ്റേഷനില്‍ ഹാജരായ ഘട്ടത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ശബരീനാഥിനെ വിളിപ്പിച്ചത്. അതേസമയം, ശബരീനാഥിന്റെ അറസ്റ്റ് അന്യായമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയതുറ പോലിസ് സ്‌റ്റേഷന് മുന്‍പില്‍ പ്രതിഷേധിക്കുകയാണ്. 

Tags: