ഉപഭോക്താക്കളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന് വിപുലമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും : മന്ത്രി കെ കൃഷ്ണന്‍ കുട്ടി
തൃശൂര്‍: ഉപഭോക്താക്കളോടുള്ള കെഎസ്ഇബി ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന് വിപുലമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുന്നയൂര്‍ക്കുളം കെഎസ്ഇബി കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെക്ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആധുനികവത്കരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. പുതുതായി നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന ആര്‍ഡിഎസ് എസ് പദ്ധതിയിലൂടെ വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം സെക്ഷന്‍ ഓഫീസ് തലങ്ങളില്‍ കൂടുതലായി പ്രയോജനപ്പെടുത്തും. വാതില്‍പ്പടി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കും.
പുന്നയൂര്‍ക്കുളം , ബിഗ് ബസാര്‍ എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ ഉള്‍പ്പെടുത്തി 2007ലാണ് പുന്നയൂര്‍ക്കുളം ഇലക്ട്രിക് സബ്‌സ്‌റ്റേഷന്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. അഞ്ച് പഞ്ചായത്തുകളും കുന്നംകുളം, ഗുരുവായൂര്‍ നഗരസഭയുടെ ചില ഭാഗങ്ങളും ഇതില്‍ ഉള്‍ പ്പെടുന്നു. സബ് ഡിവിഷന്‍ ഓഫീസും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസും രൂപീകൃതമായ കാലം മുതല്‍ വാടകക്കെട്ടിടത്തിലാണ് കെഎസ്ഇബി ഓഫീസ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. കെഎസ്ഇബി ഫണ്ട് 70 ലക്ഷം രൂപ ചെലവഴിച്ച് ഇരുനിലകളിലായി 2300 ചതുരശ്രയടിയിലാണ് പുതിയ കെട്ടിടം പണിതുയര്‍ത്തിയത്. താഴത്തെ നിലയില്‍ അസി. എക്‌സി. എന്‍ജിനീയ റുടെ കാര്യാലയം, ക്യാഷ് കൗണ്ടര്‍, ബില്ലിങ് സെക്ഷന്‍, സീനി യര്‍ സൂപ്രണ്ട് സബ് എന്‍ജിനിയറുടെ ഓഫീസ് എന്നിവയും മുകളില്‍ എ.ഇ ഓഫീസ്, വിശ്രമസ്ഥലം എന്നിവയുമാണ് ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയത് തൃശൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളിള്‍ സിവില്‍ വിഭാഗമാണ്. നിര്‍മ്മാണ ചുമതല തൃശൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളിലെ ചീഫ് എന്‍ജിനിയര്‍ക്കായിരുന്നു. 15 മാസം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്.
പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ 110 കെ വി സബ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ എന്‍ കെ അക്ബര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍ , കെ എസ് ഇ ബി ജീവനക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
