പൊതുഭരണവകുപ്പില്‍ നിന്ന് നീക്കിയ കെആര്‍ ജ്യോതിലാല്‍ അതേ വകുപ്പില്‍ തിരിച്ചെത്തുന്നു; എം ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍

ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായ ഹരി എസ് കര്‍ത്തയെ നിയമിച്ചതില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെആര്‍ ജ്യോതിലാല്‍ സര്‍ക്കാറിന് വേണ്ടി എഴുതിയ വിയോജനക്കുറിപ്പായിരുന്നു സ്ഥാനചലനത്തിന് ഇടയാക്കിയത്

Update: 2022-04-12 07:53 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ബന്ധപ്പെട്ടുയര്‍ന്ന നയപ്രഖ്യാപന വിവാദത്തില്‍ അനുനയ നീക്കങ്ങളുടെ ഭാഗമായി പൊതുഭരണ വകുപ്പില്‍ നിന്ന് നീക്കിയ വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ തിരിച്ചെത്തുന്നു. പൊതുഭരണ വകുപ്പില്‍ തന്നെയാണ് വീണ്ടും നിയമനം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് ഉള്‍പ്പടെ നടത്തിയ അഴിച്ചു പണിയിലാണ് ജ്യോതിലാല്‍ ഉള്‍പ്പെടെ സുപ്രധാന ചുമതലകളിലേക്ക് തിരിച്ചെത്തുന്നത്.

കെ ആര്‍ ജ്യോതിലാലിന് പുറമെ സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് വഴിവിട്ട് സഹായം നല്‍കിയെന്ന പേരില്‍ പുറത്താക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനും കൂടുതല്‍ ചുമതലകള്‍ ലഭിച്ചു. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സ്‌പോര്‍ട്‌സ് വകുപ്പില്‍ സെക്രട്ടറിയായിട്ടായിരുന്നു ആദ്യം നിയമിച്ചത്. ഇതിന് പിന്നാലെയാണ് മൃഗശാല, മൃഗ സംരക്ഷണ വകുപ്പിന്റെ കൂടി ചുമതല കൂടിയാണ് നല്‍കിയിരിക്കുന്നത്.

ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും മാധ്യമ പ്രവര്‍ത്തകനുമായ ഹരി എസ് കര്‍ത്തയെ നിയമിച്ചതില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെആര്‍ ജ്യോതിലാല്‍ സര്‍ക്കാറിന് വേണ്ടി എഴുതിയ വിയോജനക്കുറിപ്പായിരുന്നു സ്ഥാനചലനത്തിന് ഇടയാക്കിയത്. വിയോജനകുറിപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ സമ്മര്‍ദ തന്ത്രം പയറ്റുകയായിരുന്നു. ഇതിന് പിന്നാലെ ജ്യോതിലാലിനെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായതോടെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്. ഫെബ്രുവരി പകുതിയോടെയായിരുന്നു ജ്യോതിലാലിനെ നീക്കിയത്. ഈ തീരുമാനമാണ് കൃത്യം രണ്ട് മാസങ്ങള്‍ക്കിപ്പുറം തിരുത്തുന്നത്. 

ജ്യോതിലാലിനെ തിരിച്ചെത്തിച്ചതിനോട് അനുബന്ധിച്ച് മറ്റു ചില അഴിച്ചുപണിയും സീനിയര്‍ ഐഎഎസ് തലത്തില്‍ ഉണ്ടായിട്ടുണ്ട്. ബിശ്വനാഥ് സിന്‍ഹയ്ക്ക് ആസൂത്രണവകുപ്പിന്റെ അധിക ചുമതല നല്‍കി. ശാരദ മുരളീധരന് നഗരമാലിന്യനിര്‍മാര്‍്ജനം, ഊര്‍ജ്ജപദ്ധതികള്‍ എന്നിവയുടെ അധിക ചുമതല കൊടുത്തു. പൊതുഭരണവകുപ്പിനൊപ്പം കെആര്‍ ജ്യോതിലാല്‍ തുടര്‍ന്നും ഗതാഗതവകുപ്പ് കൈകാര്യം ചെയ്യും. കെഎസ് ശ്രീനിവാസനാണ് പുതിയ ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. ടിങ്കു ബിശ്വാസിനെ ഭക്ഷ്യപൊതുവിതരണ വകുപ്പില്‍ നിയമിച്ചു. തുറമുഖ വകുപ്പും അദ്ദേഹം തന്നെ കൈകാര്യം ചെയ്യും. അജിത്ത് കുമാറിനെ പൊതുഭരണവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. അവധി കഴിഞ്ഞ് തിരിച്ചെത്തിയ ജി പ്രിയങ്കയെ വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടറായി നിയമിച്ചു. 

Tags: