മന്ത്രി ജലീലും സിപിഎമ്മും വിശുദ്ധ ഖുര്‍ആനെ അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കുന്നുവെന്ന് കെ പി എ മജീദ്

Update: 2020-09-18 11:24 GMT

കോഴിക്കോട്: ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ വിശുദ്ധ ഖുര്‍ആനെ അനാവശ്യമായ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കാനാണ് സിപിഎമ്മും മന്ത്രി കെ ടി ജലീലും ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. മതവിശ്വാസികളെ പ്രതിസന്ധിയിലാക്കുന്ന പരാമര്‍ശങ്ങള്‍ മന്ത്രി ജലീല്‍ പലതവണ നടത്തിയിട്ടുണ്ട്. അന്ധമായ ലീഗ് വിരോധത്തിന്റെ പേരില്‍ വിശ്വാസപരമായ പല കാര്യങ്ങളെയും തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് മന്ത്രിക്കുള്ളത്. അത്തരത്തിലുള്ള ഒരു വ്യക്തി മതത്തിന്റെ കവചം തേടുന്നത് മന്ത്രിസ്ഥാനം നിലനിര്‍ത്തുന്നതിനു വേണ്ടി മാത്രമാണ്. പ്രവാചകന്റെ തിരുകേശത്തെ ബോഡിവേസ്റ്റെന്ന് പറഞ്ഞ മുഖ്യമന്ത്രി ഖുര്‍ആനിന്റെ മഹത്വത്തെക്കുറിച്ച് ഇപ്പോള്‍ വാചാലനാകുന്നത് മതസംഘടനാ നേതാക്കളെ വരുതിയിലാക്കാനാണ്- അദ്ദേഹം പറഞ്ഞു.

തന്നെ മന്ത്രിയാക്കിയത് എ.കെ.ജി സെന്ററില്‍ നിന്നാണെന്ന് പറഞ്ഞുനടന്ന മന്ത്രി ജലീല്‍ സംരക്ഷണത്തിന് വേണ്ടി പാര്‍ട്ടിക്ക് പുറത്തുള്ളവരുടെ സഹായം തേടുന്നത് അപഹാസ്യമാണ്. വിശുദ്ധഖുര്‍ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ എതെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയാല്‍ പോലും അത് മുസ് ലിംകളെയോ ഖുര്‍ആനിനെയോ ബാധിക്കില്ല. അത് കൊണ്ടുവന്നവരും വാങ്ങിവച്ചവരും ദുരുപയോഗം ചെയ്തവരുമല്ലാതെ അതിന് ഉത്തരം പറയേണ്ട ബാധ്യതയുമില്ല. ഈ കേസ് ഉപയോഗപ്പെടുത്തി ഇസ്‌ലാമോഫോബിയ ഉണ്ടാക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ജലീലും സിപിഎമ്മും പിന്തുണ നല്‍കരുത്. നിയമപരമായി കേസിനെ നേരിടാനും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് ഏത് ഏറ്റ് പറയാനും ജലീല്‍ തയ്യാറാകണം.- കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

ഇസ്‌ലാമിക വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും സ്ഥാനത്തും അസ്ഥാനത്തും സത്യം ചെയ്യാനും വൈകാരികത സൃഷ്ടിക്കാനും ജലീല്‍ ഉപയോഗിക്കുന്നത് കടുത്ത പ്രത്യാഘാതം ഉണ്ടാക്കും. മതങ്ങളെയും അതിന്റെ ആചാരങ്ങളെയും ശരീഅത്ത് വിഷയം മുതല്‍ ശബരിമല വിഷയം വരെ തള്ളിപ്പറഞ്ഞ ചരിത്രമുള്ള സി.പി.എം ഒരു മന്ത്രിയെ മതത്തിന്റെ കുടചൂടി സംരക്ഷിക്കുന്നത് നീതീകരിക്കാനാവില്ല. അഴിമതിയും കഴിവുകേടും മൂലമുള്ള പ്രതിസന്ധിയെ അതിജീവീക്കാന്‍ മതത്തെ ദുരുപയോഗം ചെയ്ത പട്ടികയിലായിരിക്കും ജലീലിന്റെ സ്ഥാനം ചരിത്രത്തില്‍ രേഖപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News