രണ്ടിടത്തെ പാലമോഡല്‍ തോല്‍വിക്ക് കാരണം രാഷ്ട്രീയമല്ല; യുഡിഎഫ് വിജയത്തിന് പത്തരമാറ്റ് തിളക്കമെന്നും കെപിഎ മജീദ്

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങളും അനൈക്യവും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലെ വീഴ്ചയും വട്ടിയൂര്‍കാവിലെയും കോന്നിയിലെയും പരാജയത്തിന് കാരണമായതായാണ് പ്രാഥമിക വിലയിരുത്തല്‍.

Update: 2019-10-24 14:32 GMT

കോഴിക്കോട്: രണ്ടിടത്തെ പാലമോഡല്‍ തോല്‍വി രാഷ്ട്രീയകാരണങ്ങളാലല്ലെന്നും മഞ്ചേശ്വരത്തെയും അരൂരിലെയും എറണാകുളത്തെയും യുഡിഎഫ് വിജയത്തിന് പത്തരമാറ്റ് തിരളക്കമുണ്ടെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങളും അനൈക്യവും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലെ വീഴ്ചയും വട്ടിയൂര്‍കാവിലെയും കോന്നിയിലെയും പരാജയത്തിന് കാരണമായതായാണ് പ്രാഥമിക വിലയിരുത്തല്‍.

ഇരു സിറ്റിങ് മണ്ഡലങ്ങളിലെയും തോല്‍വികള്‍ ഗൗരവത്തോടെ യുഡിഎഫ് വിലയിരുത്തണം. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 38519 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ 2075 വോട്ടിന്റെ വിജയത്തിന് 40,000 വോട്ടിന്റെ ഭൂരിപക്ഷ മേനിയുണ്ട്. സംസ്ഥാന സര്‍ക്കാറിന് എതിരായ ജനവിധിയാണ് ഇതിലൂടെ പ്രകടമായത്.

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ റസാഖ് വിജയിച്ച മഞ്ചേശ്വരത്ത് ഭൂരിപക്ഷം 7923 വോട്ടായി വര്‍ധിപ്പിച്ചാണ് ബിജെപിയെ കെട്ടുകെട്ടിച്ചത്. കള്ളവോട്ടിലൂടെയാണ് യുഡിഎഫ് വിജയിച്ചതെന്ന് പ്രചരിപ്പിക്കുകയും കോടതിയില്‍ കള്ളപ്പരാതി കൊടുക്കുകയും ചെയ്ത ബിജെപിക്ക് മഞ്ചേശ്വരത്തെ ജനത്ത കനത്ത പ്രഹരമാണ് നല്‍കിയത്.

ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ യുഡിഎഫ് മുസ്‌ലിംലീഗ് നേതാവ് എം സി ഖമറുദ്ദീനിലൂടെ മതേതര കേരളത്തിന് വ്യക്തമായ സന്ദേശമാണ് നല്‍കിയത്. യുഡിഎഫ് വെന്നിക്കൊടി നാട്ടിയ മഞ്ചേശ്വരത്ത് സിപിഎം മൂന്നാം സ്ഥാനത്ത് വളരെ പിന്നിലാണ്. കനത്ത മഴയില്‍ മുങ്ങി വോട്ടിങ് താഴ്ന്നതിന്റെ ഫലമായി ഭൂരിപക്ഷത്തില്‍ കുറവുണ്ടായെങ്കിലും എറണാകുളം യുഡിഎഫിന്റെ കോട്ടയാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു.

വട്ടിയൂര്‍കാവിലും കോന്നിയിലും യുഡിഎഫ് ജാഗ്രതക്കുറവില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ ബിജെപി വോട്ടുകളില്‍ വന്‍ ചോര്‍ച്ചയാണ് സംഭവിച്ചത്. പാലമോഡല്‍ വോട്ടു കച്ചവടം ഇരു സ്ഥലങ്ങളിലും എല്‍ഡിഎഫ് നടത്തിയോ എന്നതും പരിശോധിക്കപ്പെടണമെന്നും കെ പി എ മജീദ് അഭിപ്രായപ്പെട്ടു.

അതേസമയം, വട്ടിയൂര്‍കാവിലെയും കോന്നിയിലെയും പരാജയങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സംസ്ഥാന സര്‍ക്കാറിന് കനത്ത പ്രഹരമേല്‍പ്പിച്ച് സിപിഎം കുത്തക മണ്ഡലമായ അരൂര്‍ പിടിച്ചെടുത്തപ്പോള്‍ രണ്ട് യുഡിഎഫ് സിറ്റിങ് സീറ്റുകള്‍ കൈവിട്ടത് ഗൗരവത്തോടെ ചിന്തിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ അവിടെ നിന്ന് കേട്ട ചില അപശബ്ദങ്ങള്‍ ജനങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല.

ബിജെപിയുടെ ഉത്തര കേരളത്തിലെ അക്കൗണ്ട് തുറക്കല്‍ മോഹത്തിന് മഞ്ചേശ്വരത്തെ ജനങ്ങള്‍ വായടപ്പന്‍ മറുപടിയാണ് നല്‍കിയത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മികച്ച വിജയം സാധ്യമാക്കിയ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. കാലാവസ്ഥ പ്രതികൂലമായി വോട്ടിങ് ശതമാനം താഴ്ന്നപ്പോള്‍ ഉയര്‍ന്ന ആശങ്കയുടെ കാര്‍മേഘങ്ങള്‍ നീക്കി എറണാകുളത്തും അഭിമാനകരമായ വിജയമാണ് യുഡി.എഫിന് ലഭിച്ചത്. ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്ക് എതിരായ വികാരമാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News