'കൊറിയയിലെ ഉള്ളികൃഷി: കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ നിയമനമെന്ന് ഒഡെപെക്ക് ചെയര്‍മാന്‍

Update: 2022-04-01 14:12 GMT

ഡല്‍ഹി: കൊറിയയിലേക്ക് ഉള്ളികൃഷിക്കാവശ്യമായ ആളുകള്‍ക്കായുള്ള ഇന്റര്‍വ്യൂ കഴിഞ്ഞെന്ന് ഒഡെപെക്ക് ചെയര്‍മാന്‍ കെ.പി അനില്‍കുമാര്‍. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഉടനെ തന്നെ നിയമനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയിലും നിരവധി തൊഴിലവസരങ്ങളുണ്ടെന്നും പരമാവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയെന്നതാണ് കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും കെ.പി അനില്‍ കുമാര്‍ പറഞ്ഞു.

ജര്‍മനിയിലെ സര്‍ക്കാരിന്റെ കീഴിലുള്ള റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഡെഫ നേഴ്‌സുമാരുടെ ജോലി ഒഴിവുകളെക്കുറിച്ച് അറിയിച്ചിരുന്നെന്നും, ഇതിന്റെ ഭാഗമായി 100 നേഴ്‌സുമാര്‍ക്ക് കേരള സര്‍ക്കാര്‍ സൗജന്യമായി ജര്‍മന്‍ ഭാഷ പഠിക്കാന്‍ അവസരം ഒരുക്കുന്നുണ്ടെന്നും ഒഡെപെക്ക് ചെയര്‍മാന്‍ പറഞ്ഞു.

വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് രൂപീകൃതമായ സ്ഥാപനമാണ് സ്ഥാപനമാണ് ഒഡെപെക്ക്. അതിനാല്‍ വിദേശത്ത് തൊഴിലവസരങ്ങള്‍ കണ്ടെത്താനോ തൊഴിലാളികളെ പറഞ്ഞയക്കാനോ അനുമതിയുടേയോ ആവശ്യമില്ല. എന്നാല്‍, നമ്മള്‍ ജോലിക്ക് അയക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത മനസിലാക്കുന്നത് വിദേശകാര്യമന്ത്രാലയത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.