കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി കീഴടങ്ങി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരെ മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി കീഴടങ്ങി. ആറാം പ്രതി നിഖിൽ സോമൻ , ഏഴാം പ്രതി ജിതിൻ ലാൽ എന്നിവരാണ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഓഫീസിൽ കീഴടങ്ങിയത്.
ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ഉൾപ്പെടെ അഞ്ചു പ്രതികൾ നേരത്തെ കീഴടങ്ങിയിരുന്നു. ഓഗസ്റ്റ് 30 നാണ് സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ സംസ്ഥാന നേതാവിന്‍റെ നേതൃത്വത്തിൽ സംഘം ക്രൂരമായി മർദ്ദിച്ചത്. പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാട്ടിയതിൽ വിമുക്ത ഭടന്മാരുടെ സംഘടന ശക്തമായി പ്രതിഷേധിച്ചിരുന്നു.
പ്രവേശന പാസ് അവശ്യപ്പെട്ടതാണ് അക്രമത്തിന് പ്രകോപനം. സുരക്ഷാ ജീവനക്കാരന്‍ ദിനേശന്റെ പരാതിയില്‍ പൊലീസ് കേസ്സെടുത്തെങ്കിലും പ്രതികള്‍ക്കെതിരെ കാര്യക്ഷമമായ നടപടി ഇല്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കെപിസിസി അംഗങ്ങളുടെ അടക്കം നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്വേഷണ ഘട്ടത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പരസ്യമായി രംഗത്ത് വന്നിരുന്നു.