കോഴിക്കോട് മേയറുടെ പ്രസ്താവന കേരളത്തിലെ മാതാപിതാക്കളെ അപമാനിക്കുന്നത്

Update: 2022-08-09 13:19 GMT

കോഴിക്കോട്: കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്ത് കേരളത്തിലെ ശിശുപരിപാലനത്തെ കുറിച്ച് നടത്തിയ പരാമര്‍ശം കേരളത്തിലെ മാതാപിതാക്കളെ അപമാനിക്കുന്നതാണ് നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കെ എ മുംതാസ് പറഞ്ഞു. കേരളത്തിലെ മാതാപിതാക്കള്‍ കുട്ടികളെ നല്ലനിലയില്‍ വളര്‍ത്തുന്നവരും അവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നവരുമാണ്. കുട്ടികളുടെ വളര്‍ച്ച സംബന്ധിച്ച ഏത് കാര്യം എടുത്താലും കേരളത്തിലെ ശിശുപരിപാലനം അന്തര്‍ദ്ദേശീയ നിലവാരത്തില്‍ തന്നെയാണുള്ളത്. യോഗി ആതിഥ്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ചത് അന്തര്‍ദേശീയ തലത്തില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവമാണ്. ശിശുമരണം മാത്രമല്ല, ശിശുഹത്യപോലും നിത്യസംഭവമായ ഉത്തരേന്ത്യയെ കുറിച്ചാണ് സിപിഎം നേതാവ് മാതൃകയാക്കണമെന്ന് പറയുന്നത്. കേരളത്തിലെ അമ്മമാര്‍ കുട്ടികളെ നന്നായി സ്‌നേഹിക്കാത്തവരാണ് എന്ന വിഡ്ഢിത്തവും മേയറുടെ നാവില്‍ നിന്നും പുറത്തുവന്നു. സംഘപരിവാരത്തെ പ്രീണിപ്പിക്കാന്‍ എന്തും പുലമ്പാമെന്ന അവസ്ഥയിലാണ് സിപിഎം നേതാക്കള്‍.

കേരളത്തിലെ കുട്ടികളുടെ ക്ഷേമത്തെ കുറിച്ച്, തന്റെ പാര്‍ട്ടി നേതാവുകൂടിയായ, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയോട് മേയര്‍ക്ക് അന്വേഷിച്ച് കാര്യങ്ങള്‍ ബോധ്യപെടാവുന്നതെയുള്ളു. സംഘപരിവാര വേദി പങ്കിട്ട് കേരളത്തെ ഇകഴ്ത്തുക വഴി തരംതാണ രാഷ്ട്രീയ ബോധമാണ് മേയറെ നയിക്കുന്നതെന്ന് തെളിഞ്ഞിരിക്കുന്നു.

യാതൊരു ഉളുപ്പും ഇല്ലാതെ പച്ചനുണകള്‍ പറഞ്ഞു, ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഗുഡ് ബുക്കില്‍ ഇടം തേടുന്നതിനുള്ള വിലകുറഞ്ഞ ശ്രമമാണ് മേയര്‍ ബീന ഫിലിപ്പ് നടത്തിയത്. ഗുജറാത്ത് മുസ്‌ലിം വംശഹത്യയിലടക്കം സംഘപരിവാര്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്ന സമൂഹത്തോട് എങ്ങനെയാണ് പെരുമാറിയത് എന്ന് പഠിക്കാന്‍ മേയര്‍ തയ്യാറാകണം. ആര്‍എസ്എസിന്റെ കണ്ണിലുണ്ണിയാകാന്‍ കേരളത്തിലെ മാതാപിതാക്കളെ അപമാനിക്കേണ്ട ആവശ്യം ഇല്ല. സംഘപരിവാര്‍ വേദിയില്‍ നിന്ന് ശിശുപരാപാലന ക്ലാസ് കേള്‍ക്കേണ്ട ഗതികേട് കേരളത്തിലെ മാതാപിതാക്കള്‍ക്ക് ഇല്ല. കേരളത്തിലെ മാതാക്കളെ അപമാനിച്ച മേയര്‍ മുഴുവന്‍ അമ്മമാര്‍ക്കും അപമാനമാണ്. സാമാന്യ രാഷ്ട്രീയ ബോധം ഇല്ലാത്ത കോഴിക്കോട് മേയറെ സ്ഥാനത്ത് നിന്നും നീക്കാന്‍ സിപിഎം തയ്യാറാവണമെന്നും കെ എ മുംതാസ് ആവശ്യപ്പെട്ടു.

Tags: