കോഴിക്കോട്: സംസ്ഥാന ദേശീയപാതകളിലെ കുഴികള്‍ ഉടന്‍ അടക്കാന്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ജില്ലയിലെ വിവിധ സംസ്ഥാന, ദേശീയ പാതകളിലെ കേടുപാടുകള്‍ ഒഴിവാക്കാനും അപകടങ്ങള്‍ കുറക്കാനുമായി ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. റോഡുകളുടെ അറ്റകുറ്റപണികള്‍, പരിപാലനം, പരിശോധന എന്നിവക്കായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍(എസ്.ഒ.പി) വികസിപ്പിക്കും.
അറ്റകുറ്റപണികള്‍ ആവശ്യമുള്ളിടത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇതിനായി ആവശ്യമുള്ള അത്രയും ബോര്‍ഡുകള്‍ കരുതണം.
വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ജീവന് ഭീഷണി ആവുന്നതിനാല്‍ അപകടമരണങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ദുരന്തനിവാരണ പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയില്‍ കാലവര്‍ഷത്തില്‍ ഉണ്ടായ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന് മരിക്കാനിടയായ സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഏറ്റെടുത്ത കമ്പനിക്കും കെ.എസ്.ടി.പിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എല്‍. എസ്. ജി. ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ചന്ദ്രന്. സി, പൊതുമരാമത്ത് വകുപ്പ്(എന്‍. എച്ച്) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി, ജമാല്‍ മുഹമ്മദ്, കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി തയ്യില്‍, പൊതുമരാമത്ത് വകുപ്പ്(റോഡ്സ്)എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹാഷിം വി. കെ, ട്രാഫിക്(നോര്‍ത്ത് )എ. സി. പി രാജു പി. കെ, എന്‍. എച്ച്. എ. ഐ സൈറ്റ് എഞ്ചിനീയര്‍ ഹര്‍കേഷ് മീണ, പ്രൊജക്റ്റ് മാനേജര്‍ കോയ മോന് കെ. പി, യു. എല്‍. സി.സി. എസ് പ്രൊജക്റ്റ് മാനേജര്‍ അജിത് കുമാര്‍, സൈറ്റ് എഞ്ചിനീയര്‍ വിപിന്‍ കെ. വി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.