കൊയിലാണ്ടി നഗരസഭ കുടിവെള്ള പദ്ധതി: 120 കോടിയുടെ രണ്ടാംഘട്ട പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചു
കോഴിക്കോട്: കൊയിലാണ്ടി നഗരസഭ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവൃത്തിക്ക് 120 കോടിയുടെ ഭരണാനുമതിയായി.കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്ന പദ്ധതിയാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി. ആദ്യ ഘട്ടമായി നഗരസഭയ്ക്ക് അനുവദിച്ചിരുന്നത് 85 കോടി രൂപയായിരുന്നു. ഈ തുക വിനിയോഗിച്ച് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ് ലൈനില്‍ നിന്നും കണക്ഷന്‍ ലൈന്‍ വലിക്കുകയും നഗരസഭയിലെ വലിയമല, കോട്ടക്കുന്ന്, സിവില്‍ സ്‌റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ കൂറ്റന്‍ ജലസംഭരണികള്‍ നിര്‍മിക്കുകയും ചെയ്തു. ഒന്നാം ഘട്ട പ്രവൃത്തി ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
വിതരണ ശൃംഖല വഴി എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുക എന്നതാണ് രണ്ടാം ഘട്ടം. വാട്ടര്‍ അതോറിറ്റി വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 79 കോടിരൂപക്ക് കിഫ്ബി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് പദ്ധതിക്ക് മന്ത്രിസഭയുടെ പ്രത്യേക അനുമതിയും ലഭിച്ചിരുന്നു. ഇപ്പോള്‍ പുതുക്കിയ തുക അനുസരിച്ച് വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയ റിവൈസ്ഡ് എസ്റ്റിമേറ്റ് അനുസരിച്ചാണ് 120 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. ഇതോടെ കൊയിലാണ്ടി നഗരസഭയിലെ എല്ലാ വാര്‍ഡുകളിലെയും കുടിവെള്ള പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനാണ് വേഗമേറുന്നത്. അടിയന്തരമായി പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ.
