കൊവിഡ്: 74 മലേസ്യന്‍ പൗരന്‍മാര്‍ ഇപ്പോഴും തടങ്കലില്‍

.കൊവിഡ് പടര്‍ത്തുന്നതായി ആരോപിച്ച് രാജ്യത്ത് 3500റോളം വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെയാണ് തടവിലാക്കിയത്.

Update: 2020-08-03 13:38 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പരത്തുന്നു എന്നാരോപിച്ച് തടവിലാക്കപ്പെട്ട മലേസ്യന്‍ പൗരന്‍മാരായ തബ്‌ലീഗ് പ്രവര്‍ത്തകരില്‍ 74 പേര്‍ ഇപ്പോഴും തടങ്കലില്‍. തബ്‌ലീഗ് ആസ്ഥാനമായ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍ക്കസ് സന്ദര്‍ശിക്കാനെത്തിവരാണ് തടവിലാക്കപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ തടവില്‍ കഴിയുന്ന മലേസ്യന്‍ തബ്‌ലീഗ് പ്രവര്‍ത്തകരില്‍ 115 പേര്‍ നേരത്തെ മൂന്നു ഘട്ടങ്ങളിലായി നാട്ടിലേക്കു മടങ്ങിയിരുന്നു.

ഇനി അവശേഷിക്കുന്ന മലേസ്യക്കാരില്‍ 13 പേര്‍ ന്യൂഡല്‍ഹിയിലാണ്. ബീഹാര്‍, ജാര്‍ഖണ്ട്, തെലങ്കാന, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ബാക്കി 52 പേര്‍. 9 പേര്‍ കൊല്‍ക്കത്തിയിലെ ജയിലിലുമുണ്ട്. ഇവരെല്ലാം നാട്ടിലേക്ക് തിരിച്ചുപോകാനായി ഭാരത സര്‍ക്കാറില്‍ നിന്നും അനുമതി ലഭിക്കാനായി കാത്തിരിക്കുകയാണെന്ന് മലേസ്യന്‍ ഉപവിദേശകാര്യ മന്ത്രി ദാതുക് കമറുദ്ദീന്‍ ജാഫര്‍ മാധ്യമങ്ങളോടു പറഞ്ഞു.


സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയ വിദേശികളെ കൊവിഡ് പരത്തുന്നു എന്ന പേരില്‍ തടവിലിട്ട നടപടി വിമര്‍ശിക്കപ്പെട്ടിരുന്നു. തമിഴ്‌നാട്ടില്‍ തടവിലാക്കപ്പെട്ട മലേസ്യന്‍ തബ്‌ലീഗ് പ്രവര്‍ത്തകരെ പുറത്തുവിടാതിരിക്കാന്‍ ഗവര്‍ണര്‍ പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് ഉള്‍പ്പടെ പ്രയോഗിച്ചിരുന്നു. തമിഴ്‌നാട്ടില്‍ തടവിലാക്കപ്പെട്ട തബ്‌ലീഗ് പ്രവര്‍ത്തകര്‍ കടുത്ത അസൗകര്യങ്ങള്‍ക്കിടയിലാണ് ജീവിക്കുന്നത്. കൊവിഡ് പടര്‍ത്തുന്നതായി ആരോപിച്ച് രാജ്യത്ത് 3500റോളം വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെയാണ് തടവിലാക്കിയത്.




Tags: