'സോണിയാ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായ ആളല്ല നാട്ടകം സുരേഷ്; തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് കോട്ടയം ഡിസിസിയുടെ എഫ്ബി പോസ്റ്റ്
കോട്ടയം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ കോട്ടയം സന്ദര്‍ശനത്തെത്തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങള്‍ അവസാനിക്കുന്നില്ല. തരൂരിനെതിരേ രൂക്ഷവിമര്ശനവുമായുള്ള കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് പുതിയ പ്രശ്നങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സോണിയാ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായ ശേഷം പാര്‍ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിലിറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടില്‍ വന്ന പോസ്റ്റാണ് വിവാദത്തിലായിരിക്കുന്നത്. പോസ്റ്റിനെതിരേ പരാതി നല്‍കാനൊരുങ്ങുകയാണ് തരൂര്‍ അനുകൂലികള്‍. സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.
ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ലെന്നും വിവാദ പോസ്റ്റിനെക്കുറിച്ച് അറിയില്ലെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിച്ചു. സിപിഎമ്മിന്റെ കുത്തകയായിരുന്നു നാട്ടകം പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ മൂവര്‍ണ കൊടി പായിച്ച് പഞ്ചായത്ത് പ്രസിഡന്റാവുമ്പോള്‍ ഇദ്ദേഹത്തിന് പ്രായം വെറും 25 വയസ് മാത്രമായിരുന്നു. കെഎസ്യു ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങി പാര്‍ട്ടിയുടെ പല മേഖലയിലും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് നാട്ടകം സുരേഷ് കോട്ടയം ഡിസിസി പ്രസിഡന്റായത്. ഒരുദിവസം നേരം പുലര്‍ന്നപ്പോള്‍ കുപ്പായവും തയ്ച്ച് കോണ്‍ഗ്രസുകാരനായത് അല്ല- പോസ്റ്റ് ഓര്‍മപ്പെടുത്തുന്നു.