അഹിന്ദുവായ നര്‍ത്തകിയുടെ നൃത്തപരിപാടി റദ്ദാക്കിയ കൂടല്‍മാണിക്യ ക്ഷേത്രമാനേജ്‌മെന്റില്‍ ഇടത് പക്ഷക്കാരും
തൃശൂര്‍: ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ ഭരതനാട്യം അവതരിപ്പിക്കേണ്ടിയിരുന്ന കലാകാരി ഹിന്ദുവല്ലാത്തതിനാല്‍ മുന്‍ കൂട്ടി നിശ്ചയിച്ച പരിപാടി റദ്ദാക്കിയ ക്ഷേത്രഭാരവാഹികളില്‍ ഇടത് പ്രതിനിധികളും. ദേവസ്വം ഭരണസമിതിയിലേക്ക് സിപിഐ പ്രതിനിധിയായി ഔദ്യോഗികമായി നോമിനേറ്റ് ചെയ്യപ്പെട്ട അഡ്വ. കെ ജി അജയ്കുമാറും ഉള്‍പ്പെടുന്ന മാനേജ്‌മെന്റാണ് നര്‍ത്തകിയെ അഹിന്ദുവായതിനാല്‍ നൃത്തപരിപാടിയില്‍നിന്ന് ഒഴിവാക്കിയത്. ദേവസ്വത്തില്‍ വിവിധ പാര്‍ട്ടികള്‍ അവരുടെ പ്രതിനിധികളെ പല രീതിയില്‍ ഉള്‍പ്പെടുത്തുകപതിവുണ്ട്. സമിതിയിലെ സിപിഐ പ്രതിനിധിയാണ് അഡ്വ. കെ ജി അജയ്കുമാര്‍.
തൃശൂരിലെ കൂടല്‍മാണിക്യം ഭരതക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കാനിരുന്ന മന്‍സിയ എന്ന കലാകാരിയുടെ ഭരതനാട്യമാണ് ഭാരവാഹികള്‍ റദ്ദാക്കിയത്. അഹിന്ദുവായതുകൊണ്ടാണ് ഉല്‍സവത്തില്‍ നൃത്തം ചെയ്യാന്‍ സാധിക്കാത്തതെന്ന് അധികൃതര്‍ അറിയിച്ചതായി മന്‍സിയ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂരില്‍ വച്ചും തനിക്ക് ഇതേ അനുഭവമുണ്ടായിരുന്നെന്നും കലകളും കലാകാരും മതവും ജാതിയുമായി കെട്ടിമറഞ്ഞുകൊണ്ടേയിരിക്കുമെന്നും മന്‍സിയ കുറിച്ചു. ഏപ്രില്‍ 21ന് വൈകീട്ട് നാലുമുതല്‍ അഞ്ചുവരെ ചാര്‍ട്ട് ചെയ്ത പരിപാടി നടത്താന്‍ സാധിക്കില്ലെന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ എന്നെ വിളിച്ചുവെന്നും അഹിന്ദു ആയതു കാരണം അവിടെ കളിക്കാന്‍ സാധിക്കില്ലന്നാണ് വ്യക്തമാക്കിയതെന്നും മന്‍സിയ പറയുന്നു.
നേരത്തെ പാലക്കാട് നഗരത്തില്‍ നീനാ പ്രസാദിന്റെ നൃത്തപരിപാടി ജഡ്ജി തടസ്സപ്പെടുത്തിയതില്‍ പുരോഗമന കലാസാഹിത്യസംഘം പ്രതിഷേധിച്ചിരുന്നു.
കൂടല്‍മാണിക്യം സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
