എസ്എന്‍ കോളജില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Update: 2022-12-09 01:23 GMT

കൊല്ലം: എസ്എന്‍ കോളജിലെ വിദ്യാര്‍ഥികളായ എഐഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇതേ കോളജിലെ ബിരുദ വിദ്യാര്‍ഥികളായ ഗൗതം, രഞ്ജിത്, ശരത് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ബുധനാഴ്ചയാണ് കൊല്ലം എസ്എന്‍ കോളജില്‍ വിദ്യാര്‍ഥി സംഘടനകള്‍ ഏറ്റുമുട്ടിയത്.

ആക്രമണത്തില്‍ 13 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ എസ്എഫ്‌ഐ ജില്ലാ നേതാക്കള്‍ അടക്കമുള്ളവര്‍ മാരകായുധങ്ങളുമായെത്തി തങ്ങളെ മര്‍ദ്ദിച്ചെന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്. കത്തിയും കമ്പിവടിയും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ എഐഎസ്എഫ് യൂനിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കു പരിക്കേറ്റിരുന്നു.

സാരമായി പരിക്കേറ്റ രണ്ടുപേരെ കൊല്ലം ഗവ. മെഡിക്കല്‍ കോളജിലും രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ജില്ലാ ആശുപത്രിയിലാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട രണ്ട് വിദ്യാര്‍ഥിനികളെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ എംഎല്‍എയും മറ്റു നേതാക്കളുമെത്തിയാണ് പ്രിന്‍സിപ്പലിന്റെ സഹായത്തോടെ പുറത്തെത്തിച്ചത്. അക്രമത്തില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് വ്യാഴാഴ്ച ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് നടത്തിയിരുന്നു.

Tags:    

Similar News