കൊല്ലം:ക്ഷേത്രോൽസവത്തിനിടെയുണ്ടായ മർദ്ദനത്തിൻ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. പുത്തൂർ ഐവർകാല ഈസ്റ്റ് സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണനാണ് (19) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ നാലുദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് ഹരികൃഷ്ണനെ സംഘംചേർന്ന് ആക്രമിച്ചത്. ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും ബന്ധുക്കളുംകൂടിയാണ് മരുത്തടി ക്ഷേത്രത്തിലെ ഉൽസവത്തിന്റെ ഭാഗമായ തങ്കയങ്കി ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയത്. ഇതിനിടെ പ്രതികൾ അസഭ്യംവിളിച്ച് ഹരികൃഷ്ണനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ജയകൃഷ്ണനും ബന്ധുക്കളും ഇടപെട്ട് പ്രശ്നം പരിഹരിച്ച് ഹരികൃഷ്ണനുമായി സ്ഥലത്തുനിന്ന് മാറി.
പിന്നീട് പ്രതികൾ സഹോദരങ്ങളെ ക്ഷേത്ര ഓഡിറ്റോറിയത്തിനു സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. തടികഷ്ണം ഉപയോഗിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിൽ ഹരികൃഷ്ണൻ്റെ തലക്ക് ഗുരുതരമായി പരിക്കു പറ്റി.