കൊല്‍ക്കത്ത കൂട്ടബലാല്‍സംഗം: സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോണുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്ത ലോ കോളേജിലെ കൂട്ട ബലാല്‍സംഗക്കേസില്‍ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോണുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ലോ കോളേജ് വിദ്യാര്‍ത്ഥിനിയെ പ്രതികളായ രണ്ട് പേര്‍ വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലിസിന് ലഭിച്ചത്. മുഖ്യ പ്രതി മോണോജിത് മിശ്രയുടെ ഫോണില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. 11 മണിക്കൂര്‍ ദൈര്‍ഘ്യമുളള ദൃശ്യങ്ങളാണ് ഡിവിആറിലുളളത്.
കേസില്‍ അറസ്റ്റിലായ മോണോജിത് മിശ്ര, പ്രതിം മുഖര്‍ജി, സായിദ് അഹമ്മദ് എന്നിവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും നേരത്തെയും സമാനമായ രീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെന്നും പോലിസ് വ്യക്തമാക്കിയിരുന്നു. പ്രതികളായ മൂവരും ഇരയെ ഏറെക്കാലമായി ലക്ഷ്യം വച്ചിരുന്നെന്നും പോലിസ് കണ്ടെത്തി. സംഭവത്തില്‍ അറസ്റ്റിലായ നാലാം പ്രതി പിനാകി ബാനര്‍ജി കോളജിലെ സുരക്ഷാ ജീവനക്കാരനാണ്.
ജൂണ്‍ 25 ന് രാത്രിയിലാണ് ലോ കോളജ് വിദ്യാര്‍ഥിനി ബലാല്‍സംഗത്തിനിരയായത്. മുഖ്യപ്രതിയുടെ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് സംഭവത്തിനു കാരണമെന്ന് അതിജീവിത മൊഴി നല്‍കിയിരുന്നു. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് പ്രതികളെ പിടികൂടുകയായിരുന്നു.