വിഭാഗീയത മുന്നണിയുടെ പേരിന് കോട്ടം തട്ടിച്ചു,ഒന്നിച്ച് നിന്നില്ലെങ്കില്‍ മാറി ചിന്തിക്കേണ്ടി വരും; ഐഎന്‍എല്ലിന് മുന്നറിയിപ്പുമായി കോടിയേരി

മന്ത്രിസഭ പുനഃസംഘടന ആവശ്യമില്ല. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല

Update: 2022-02-28 08:34 GMT

തിരുവനന്തപുരം:വിഭാഗീയതയെ തുടര്‍ന്ന് രണ്ടായി പിളര്‍ന്ന ഐഎന്‍എല്ലിന് മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്‍. ഒരുമിച്ച് പോകണമെന്നും ഇല്ലെങ്കില്‍ മാറിച്ചിന്തിക്കേണ്ടി വരുമെന്നും ഐഎന്‍എല്‍ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ഐഎന്‍എല്ലിലെ വിഭാഗീയത മുന്നണിയുടെ പേരിന് കോട്ടം തട്ടിച്ചിട്ടുണ്ട്.ഒരുപാട് കാലം എല്‍ഡിഎഫിനെ പിന്തുണച്ചതിനാലാണ് മുന്നണിയില്‍ എടുത്തതെന്നും കോടിയേരി പറഞ്ഞു. നാളെ ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായ പരിധി പ്രാവര്‍ത്തികമാക്കുമെന്ന തീരുമാനം നടപ്പിലാക്കുമെന്നും, 75 വയസ് കഴിഞ്ഞവര്‍ക്ക് പുതിയ ഉത്തരവാദിത്തം നല്‍കുമെന്നും കോടിയേരി പറഞ്ഞു.താന്‍ മന്ത്രിസഭയിലേക്ക് വരുന്നുവെന്നത് അഭ്യൂഹം മാത്രമാണ്. അത്തരത്തില്‍ ഒരു സാഹചര്യം പാര്‍ട്ടിയിലില്ല. സര്‍ക്കാര്‍ നല്ല രീതിയിലാണ് മുന്നോട്ട്‌പോകുന്നത്. മന്ത്രിസഭ പുനഃസംഘടന ആവശ്യമില്ല. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല. നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ല. പാര്‍ട്ടിയില്‍ വിഭാഗീയതയില്ലെന്നും കോടിയേരി വ്യക്തമാക്കി.

പുതിയ കക്ഷികളെ മുന്നണിയിലേക്ക് എത്തിക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നില്ല. കൂടുതല്‍ കക്ഷികളെ എത്തിക്കുന്നതിലുപരി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത്. കെ ടി ജലീലും,പി കെ കുഞ്ഞാലിക്കുട്ടിയും ഒരു ചടങ്ങില്‍വെച്ച് സംസാരിച്ചത് വ്യക്തിപരമാണെന്നും, സ്വകാര്യ ചടങ്ങിലും മറ്റും വിത്യസ്ത രാഷ്ട്രീയ നേതാക്കള്‍ പരസ്പരം സംസാരിക്കുന്നത് സാധാരണയാണെന്നും കോടിയേരി പറഞ്ഞു.

Tags:    

Similar News