ആരെയും കണ്ണീര് കുടിപ്പിച്ച് കെ റെയില്‍ നടപ്പിലാക്കില്ല; സംസ്ഥാനത്ത് ഇടതുപക്ഷ ബദല്‍ വികസനനയമാണ് നടപ്പിലാക്കുന്നതെന്നും കോടിയേരി

ഡോ. ടി എം തോമസ് ഐസക് രചിച്ച 'എന്തുകൊണ്ട് കെ റെയില്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു

Update: 2022-02-23 12:22 GMT

തിരുവനന്തപുരം: ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയില്‍ പദ്ധതി നടപ്പാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിയെ എതിര്‍ക്കുന്നവരുമായി സംവാദത്തിന് തയ്യാറാണ്. പ്രതിപക്ഷത്തിന്റെ നശീകരണ നീക്കം തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി എം തോമസ് ഐസക് രചിച്ച 'എന്തുകൊണ്ട് കെ റെയില്‍' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

കേരളം വികസന രംഗത്ത് പുതിയ മാത്യക സൃഷ്ടിക്കുന്നു. ഇടതുപക്ഷത്തിന്റെ ബദല്‍ വികസന നയമാണ് സംസ്ഥാനം നടത്തുന്നത്. പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനമാണ് എല്‍ഡിഎഫ് നയം. കെ റെയിലും ഈ രീതിയിലാണ് വിഭാവനം ചെയ്യുന്നത്. എത്ര വേഗത്തിലുള്ള തീവണ്ടി കേന്ദ്രം അനുവദിച്ചാലും കേരളത്തില്‍ വേഗതയില്ല. ഇതിന് പരിഹാരമാണ് കെ റെയില്‍.

കണ്ണൂര്‍ വിമാനത്താവള പ്രശ്‌നത്തില്‍ താനും കെ സുധാകരനും ഒരുമിച്ച് പ്രവര്‍ത്തിച്ചു. ആ നിലപാട് സുധാകരന്‍ കെ റെയില്‍ പദ്ധതിയിലും സ്വീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന നിബന്ധന ഇല്ലാതെ ചര്‍ച്ചക്ക് തയ്യാറാണെന്ന് തോമസ് ഐസക് പറഞ്ഞു. കേരളത്തിന്റെ വഴി മുടക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വലിയ തൊഴില്‍ മേഖലയായി കെ റയില്‍ പദ്ധതിയെ കാണുന്നു എന്ന് എ എ റഹീം പറഞ്ഞു. പദ്ധതിക്ക് വേണ്ടി ഡിവൈഎഫ്‌ഐ പ്രചാരണത്തിനിറങ്ങുമെന്നും റഹീം പറഞ്ഞു.

ചിന്ത പബ്ലിഷേഴ്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags: