ആയുര്‍വേദ ചികിത്സാരംഗത്തെ 'കേരള മോഡല്‍' രാജ്യവ്യാപകമായി നടപ്പാക്കണം: കൊടിക്കുന്നില്‍ സുരേഷ് എം പി

ആയുര്‍വേദ ഗവേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ആരോഗ്യ മിഷന്‍ വഴി കൂടുതല്‍ കേന്ദ്ര സഹായം നല്‍കണം എന്നും കൊടിക്കുന്നില്‍

Update: 2020-03-19 14:29 GMT

ന്യൂഡല്‍ഹി: പഞ്ചായത്ത്, താലൂക്ക്, ജില്ലാ തലങ്ങളില്‍ സംസ്ഥാനമൊട്ടാകെ വിജയകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ചികിത്സാസംവിധാനം രാജ്യമെങ്ങും നടപ്പാക്കാവുന്ന മാതൃകയെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി.

ആയുര്‍വേദ ഗവേഷണ പഠന ഇന്‍സ്റ്റിറ്റിയൂട്ട് ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത കൊടിക്കുന്നില്‍ സുരേഷ് എം പി കേരളത്തിലെ ആയുര്‍വേദ ചികിത്സ മേഖലയിലെ സവിശേഷതകള്‍ വിശദീകരിച്ചു. പൊതുമേഖലയിലെ ആയുര്‍വേദ ചികിത്സാരംഗത്തെ മുഴുവന്‍ ചെലവും നിലവില്‍ സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്, ഇത് വഴി വലിയ സാമ്പത്തിക ബാധ്യതയും സംസ്ഥാനത്തിനുണ്ടാവുന്നു. അതിനാല്‍ ദേശീയ ഹെല്‍ത്ത് മിഷന്‍ കേരളത്തിലെ ആയുര്‍വേദ മേഖലയുടെ വികസനത്തിനായി സാമ്പത്തിക സഹായം നല്‍കണം. ആയുര്‍വേദ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനവും പഞ്ചായത്ത്, താലൂക്ക്, ജില്ലാ ആയുര്‍വേദ ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങളും ആധുനിക ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു.

കേരളത്തില്‍ സ്വകാര്യ മേഖലയിലും പ്രമുഖ ആയുര്‍വേദ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു എന്നും കൊടിക്കുന്നില്‍ സുരേഷ് എം പി ചൂണ്ടിക്കാട്ടി. ശാന്തിഗിരി ആയുര്‍വേദ ആശുപത്രികളും മെഡിക്കല്‍ കോളേജും വളരെ സ്തുത്യര്‍ഹമായ രീതിയിലാണ് ആയുര്‍വേദ ചികിത്സ രംഗത്ത് സേവനം അനുഷ്ഠിക്കുന്നത്, ഒപ്പം തന്നെ മാതാഅമൃതാനന്ദമയി മഠം ആയുര്‍വേദ കോളേജും കോട്ടക്കല്‍ ആര്യവൈദ്യശാല ആയുര്‍വേദ മെഡിക്കല്‍ കോളേജും കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ ആഗോള ശ്രദ്ധ നേടിയ ശ്രേഷ്ഠ സ്ഥാപനങ്ങളാണ്. ഈ ആയുര്‍വേദ കോളജുകളെ കല്‍പിത സര്‍വ്വകലാശാലകളായി പ്രഖ്യാപിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

ആയുര്‍വേദ മേഖലയില്‍ ഇന്നുള്ള ജോലി ദൗര്‍ലഭ്യം പരിഹരിക്കണം. ആയുര്‍വേദ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരുടെ തൊഴില്‍ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പു വരുത്തണം, ആയുര്‍വേദ ഗവേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ആരോഗ്യ മിഷന്‍ വഴി കൂടുതല്‍ കേന്ദ്ര സഹായം നല്‍കണം എന്നും കൊടിക്കുന്നില്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News